Latest NewsCinemaMollywoodMovie SongsEntertainment

ചിത്രത്തിന്‍റെ പേരിന്റെ കുഴപ്പം കഴിഞ്ഞപ്പോള്‍ പ്രശ്നം നായിക ശോഭന!! ഈ നടിയെ വേണ്ടെന്നു നിര്‍മ്മാതാവും നടനും

മലയാള സിനിമയില്‍ അഭിനയം, സംവിധാനം തുടങ്ങി എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ബാലചന്ദ്ര മേനോന്‍. നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബാലചന്ദ്ര മേനോന്‍ ഏറ്റവുമധികം തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു എന്ന പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്ത്’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. ഇന്ന് ഏപ്രില്‍ 18. ആ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ബാലചന്ദ്ര മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സിനിമയായിരുന്നു ഏപ്രില്‍ 18. സിനിമയിലൂടെയായിരുന്നു മലയാളത്തിന് ഏക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന നടി ശോഭനയുടെ അരങ്ങേറ്റവും. 1984 ല്‍ പുറത്തിറങ്ങിയ സിനിമയെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍.

അദ്ദേഹത്തിന്‍റെ പോസ്റ്റ് പൂര്‍ണ്ണ രൂപം

ഇന്ന് ഏപ്രിൽ 18 എന്ന് കേൾക്കുമ്പോൾ മലയാളിയായ ഒരാളിന്റെ മനസ്സിൽ എന്നെപ്പറ്റി ഒരു വിദൂര സ്മരണ ഉണടാകുന്നെങ്കിൽ അതെന്റെ പുണ്യമാണെന്ന് കരുതുന്ന ഒരു ചലച്ചിത്രപ്രവർത്തകനാണ് ഞാൻ.

എത്ര മധുരമാണേലും ആവർത്തിച്ചാൽ അരസികമാവും എന്ന് അറിയാം . എല്ലാ വർഷവും ഏപ്രിൽ 18നു ഒരു പോസ്റ്റ് ഞാൻ ഇടാറുണ്ട് . എന്നോ ഇറങ്ങിയ ഒരു സിനിമയെപ്പറ്റി എന്നാത്തിനാണിങ്ങനെ പഴം കഥകൾ എന്ന് ആർക്കെങ്കിലും തോന്നീട്ടും ഉണ്ടാവും . ഞാൻ എഴുതിയാലുംഇല്ലേലും ഏപ്രിൽ 18 നു എനിക്ക് വരുന്ന പ്രിയപ്പെട്ടവരുടെ സന്ദേശങ്ങൾ എന്റെ അഭിമാനമാണ് . എന്നാൽ ഇത്തവണ ഒന്നും കുറ ക്കുന്നില്ല എന്ന് ഇന്നലെത്തന്നെ തീരുമാനിച്ചതാണ് .

ഇന്ന് രാവിലെ കാറുമായി സവാരിക്കിറങ്ങിയപ്പോൾ പതിവുമ്പടി ഗതാഗതക്കുരുക്കിൽ പെടുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . കുമിഞ്ഞു കൂടിയ കുരുക്കിനിടയിൽ എന്റെ കൺവെട്ടത്ത് ശോഭനയുടെ ചിത്രം. മലയാളിയെ സംബന്ധിച്ചു ശോഭന എന്നാൽ ഏപ്രിൽ 18 ൻറെ വക്താവാണ് .ഒരു വരിയെങ്കിലും ഏപ്രിൽ 18 നെ കുറിച്ച് പരാമർശിക്കാതെയിരിക്കാൻ അതിന്റെ സംവിധായകന് കഴിയുമോ എന്ന് എന്നോട് ചോദിക്കുന്നത് പോലെ .

ഉടൻ ഒരു സെൽഫി എടുക്കുന്നു . അങ്ങിനെ ഈ പോസ്റ്റ് ജനിക്കുന്നു!

ഏപ്രിൽ 18 നെ പ്പറ്റി അധികം ആരും അറിയാത്ത ചില കാര്യങ്ങൾ , അതായത് , ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ നേരിട്ട പ്രതിസന്ധികൾ ഒന്ന് പരാമർശിക്കാം .

ഏപ്രിൽ 18 എന്ന പേരിനോടായിരുന്നു ഏവർക്കും ആദ്യം എതിർപ്പ് . അത് `ശരിയാവില്ല എന്ന് പല കാരണങ്ങൾ കൊണ്ടും പലരും സംശയിച്ചു . പടത്തിന്റെ പേരാണോ അതോ റിലീസ് ഡേറ്റാണോ എന്ന ആശയക്കുഴപ്പമുണ്ടാവും എന്ന് വരെ പലരും ഭീഷിണിപ്പെടുത്തി . എന്നാൽ ഈ കഥക്ക് ഇതിൽപ്പരം യുക്തമായ ഒരു പേരില്ലാ എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു. പിന്നീട് വന്ന ഓഗസ്റ്റ് ഒന്ന്. ഓഗസ്റ്റ് 15 ,ജൂലായ് 4 ജനുവരി ഒരു ഓർമ്മ, ഡിസംബർ,ബോംബെ മാർച്ച് 12 , മലയാളമാസം ചിങ്ങം ഒന്നിന് ,മെയ് മാസപ്പുലരിയിൽ, മെയ്ദിനം , മീന മാസത്തിലെ സൂര്യൻ. മകരമഞ്ഞു എന്നീ ചിതങ്ങൾ കലണ്ടർ തീയതികളിലും സിനിമാപേരുകൾ ആവാം എന്ന എന്റെ നിഗമനം ശരിവെച്ചു ..

നായികയെ ‘കുട്ടാ’ എന്ന് വിളിക്കുന്നതിനോടായിരുന്നു അടുത്ത പ്രതിഷേധം.ഞാൻ ഉദ്ദേശിക്കുന്ന സുഖം ആ വിളിക്കു ഇല്ല എന്നായിരുന്നു ആശങ്ക . കുട്ടാ എന്നൊക്കെ ഒരു പെണ്ണിന്റെ മുഖത്തുനോക്കി വിളിച്ചാൽ അതിനു മലബാർകാർക്കു അശ്ലീലച്ചുവ തോന്നുമെന്നും വരെ വിമർശനമുണ്ടായി . എന്നാൽ അതിന്റെ ധാർമ്മിക ഭാരം ഞാൻ ഏറ്റെടുത്തത് പ്രശ്ന പരിഹാരമായി. വര്ഷങ്ങള്ക്കു ശേഷം ന്യൂയോർക്കിലെ ഒരു കുടുംബസദസ്സിൽൽ വെച്ച് 90 കഴിഞ്ഞ ഒരു വല്യപ്പൻ തന്റെ ഭാര്യയെ ചൂണ്ടി ‘ഇതെന്റെ കുട്ടനാ ‘ എന്ന് പറഞ്ഞപ്പോൾ എന്റെ തീരുമാനം എന്തെന്തു ശരിയായി എന്ന് ഞാൻ സമാധാനിച്ചു . ഇന്ന് എന്റെ മകൻ അവന്റെ ഭാര്യയേയും മരുമകൻ എന്റെ മകളെയും ദൈനം ദിന ജീവിതത്തിൽ പലകുറി ഈ വാത്സല്യം പകരുമ്പോൾ ഈ പ്രയോഗത്തിന്റെ പ്രചാരകനായ ഞാൻ സ്വകാര്യമായ ആനന്ദം അനുഭവിക്കാറുണ്ട് .

ഏപ്രിൽ 18 സമ്മാനിച്ച അടുത്ത പ്രതിസന്ധിയായിരുന്നു എന്നെ ഏറെ വിഷമിപ്പിച്ചത് .. ചിത്രം തുടങ്ങി മൂന്നാം ദിവസം യൂണിറ്റിൽ ദൗർഭാഗ്യകരമായ ഒരു സംഭവവികാസം ഉരുത്തിരിഞ്ഞു . നിർമ്മാതാവ് അഗസ്റ്റിൻ പ്രകാശിന് പുതുമുഖനായികയായ ശോഭന വേണ്ട .( അതിനുള്ള കാരണങ്ങൾ അദ്ദേഹം വേദനയോടെ വിവരിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വേണു നാഗവള്ളിയും വാചാലനായി പിന്തുണച്ചു ഞാൻ ഒറ്റപ്പെട്ടു ) മറ്റൊരാളെ കണ്ടെത്തണം. ഹോട്ടൽ ഗീതിലെ 501 നമ്പർ മുറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ ശോഭനക്കും അമ്മയ്ക്കും അടുത്ത ദിവസം രാവിലത്തെ ഫ്ലൈറ്റിനു മദ്രാസിനുള്ള ടിക്കറ്റുമായി കയറിവരുന്നു . തൊട്ടടുത്ത 502 നമ്പർ മുറിയിൽ ശോഭനയും അമ്മയും സുഖമായി ഉറങ്ങുന്നു .

ആ പരീക്ഷണം ഞാൻ എങ്ങിനെ വിജയിച്ചു എന്ന് ഇപ്പോൾ വിവരിക്കാൻ വയ്യ. പക്ഷെ പിന്നീട് ശോഭന പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേത്രിയായി മാറിയപ്പോൾ ശോഭനക്ക് അനുകൂലമായ എന്റെ തീരുമാനത്തിനും ദൈവത്തിന്റെത്തിന്റെ കൈയൊപ്പുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു .

ഞാൻ ഇത്രയും പറഞ്ഞത് ഞാൻ ചെയ്ത്തതെല്ലാം ശരിയാണ് എന്ന് സമര്ഥിക്കാനല്ല . മറിച്ചു, ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ പുറം ലോകത്തിന്റെ ഈണത്തിനൊപ്പം തുള്ളിയിരുന്നെങ്കിൽ ഒരു ചിത്രത്തിനുണ്ടാകാമായിരുന്ന ദുരന്തത്തെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് . പുതു തലമുറയിലെ അനിയന്മാർക്കു ഇതു ഒരു പ്രചോദനമാകട്ടെ ..

.ഏപ്രിൽ 18 നൽകുന്ന മറ്റൊരു സന്ദേശവും ഇവിടെ പ്രസക്തമാണ് .പ്രേക്ഷകർ നെഞ്ചോട് ചേർത്തുപിടിച്ചു ഈ ചിത്രത്തിന് അന്നത്തെ കാലത്തു ജനപ്രീതിക്കുള്ള അവാർഡ് ഉണ്ടായിരുന്നിട്ടും ആകെ നൽകിയ ഇടക്കാലാശ്വാസം അടൂർ ഭാസിക്ക് ലഭിച്ച സഹനടനുള്ള അവാർഡ് മാത്രമായിരുന്നു . സാരമില്ല . 34 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്രയും മലവെള്ളപ്പാച്ചിലുകൾ കഴിഞ്ഞിട്ടും ഇന്നും ആ ചിത്രത്തെ പറ്റി അറിയാനും കേൾക്കാനും ഒരു ജനതതി ഉണ്ടെങ്കിൽ അതിനപ്പുറം ആനന്ദ ലബ്ധിക്കു എന്ത് വേണം ? എന്നാൽ ഏറ്റവും നല്ല സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ആ വര്ഷം ഈ ചിത്രത്തിനായിരുന്നു എന്ന കാര്യവും സൂചിപ്പിക്കട്ടെ .

ഇനി ഒരു കുഞ്ഞു തമാശ ….

ഏപ്രിൽ18 എന്ന തീയതിയുമായി എന്തെങ്കിലും ആത്മ ബന്ധമുള്ള ഫെസ്ബൂക് മിത്രങ്ങൾ ആ ഓർമ്മകൾ ഈ കുറിപ്പിന് മറുപടിയായി കുറിക്കുക . എനിക്കാവശ്യമുണ്ട്
മറക്കല്ലേ !

that’s ALL your honour !

shortlink

Related Articles

Post Your Comments

Related Articles


Back to top button