തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. ഇതിനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്തോയെന്ന കാര്യവും അന്വേഷിക്കും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹര്‍ത്താല്‍ അരങ്ങേറിയത്. ഹര്‍ത്താലിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നു. മലപ്പുറത്ത് മാത്രം 130 പേരെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തത്. 60ല്‍ അധികം കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ കാസര്‍കോട്, കോഴിക്കോട് മേഖലകളിലും തിരുവനന്തപുരത്തും ഇതേപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് തീവ്രസ്വഭാവമുള്ള സംഘടനയുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിലേതുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്താണ് അന്വേഷണസംഘം രൂപീകരിച്ചത്. വാട്സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ പോലീസ് പരാജയപ്പെട്ടുവെന്ന പരാതികള്‍ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്.
Post Your Comments