ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി. വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ട്വീറ്റ്. ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി തന്റെ ട്വീറ്റില്‍ പറഞ്ഞു.
ആവശ്യമായ കറന്‍സികള്‍ പ്രചാരത്തിലുണ്ടെന്നും ചില മേഖലകളില്‍ പെട്ടെന്ന് ഉണ്ടായ ആവശ്യമാണ് ക്ഷാമം ഉണ്ടാകാന്‍ കാരണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. അതേസമയം പല സംസ്ഥാനങ്ങളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. പലയിടങ്ങളിലും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുന്നതായാണ് വാർത്തകൾ. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധാ, യു പി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് എ ടി എമ്മുകളില്‍ പണമില്ലെന്ന് വാർത്തകൾ വന്നത്.
ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. മുന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ ശ്രമിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം ഉന്നതതലസമിതി രൂപീകരിക്കുകയും ചെയ്തു.
Post Your Comments