കാബൂള്‍: അതിര്‍ത്തിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. ദുഗന്ത് ലൈനില്‍ പാകിസ്താന്റെ പാരാമിലിറ്ററി ഫ്രോണ്ടിയര്‍ കോര്‍പ്സുമായുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി അഫ്ഗാനിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തിയില്‍ വെച്ച് ജനക്കൂട്ടത്തിന് നേരെ പാകിസ്താന്‍ വെടിവെച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായതെന്ന് അഫ്ഗാന്‍ പൊലീസ് മേധാവി വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും പ്രദേശവാസിയായ ഒരു ഗോത്രവര്‍ഗക്കാരനും ഉള്‍പ്പെടുന്നു. വടക്കന്‍ പ്രവിശ്യയായ ഖോസ്റ്റ് മേഖലയിലെ സസൈ മൈതാന്‍ അതിര്‍ത്തിയിലാണ് സംഭവം. ഏറ്റുമുട്ടലിനിടെ രണ്ട് പാകിസ്താന്‍ സൈനികരെ അറസ്റ്റ് ചെയ്തതായി അഫ്ഗാന്‍ നാഷണല്‍ പൊലീസ് മേധാവി കേണല്‍ അബ്ദുല്‍ ഹനാന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ കുനറില്‍ വ്യോമാക്രമണം നടത്തിയെന്നും നൂറുകണക്കിന് ഷെല്ലാക്രമണം ഉണ്ടായതായും അഫ്ഗാനിസ്ഥാന്‍ നേരത്തെ ആരോപിച്ചിരുന്നു. പാക് ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 2,600 കിലോമീറ്ററോളമാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്നത്.
Post Your Comments