Latest NewsNewsInternational

ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ: ബ്രിട്ടീഷ് തെരുവുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍

മോസ്‌കോ: ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് ബ്രിട്ടന്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനുള്ള പ്രതികാരമെന്നോണമാണ് റഷ്യ ബ്രിട്ടന് എതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് തെരുവുകളും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ റഷ്യയുടെ സൈബര്‍ ആക്രമണം ബ്രിട്ടനിലെ നിര്‍ണായകമായ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളെയും അട്ടിമറിച്ചേക്കാനുള്ള സാധ്യതയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. തല്‍ഫലമായി എന്‍എച്ച്‌എസിന്റെ പ്രവര്‍ത്തനവും ജലവിതരണവും തടസപ്പെട്ടേക്കാമെന്ന ആശങ്കയാണ് ശക്തമാകുന്നത്.

റഷ്യയുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ഗ്യാസ് നെറ്റ് വര്‍ക്കുകള്‍, ബാങ്കുകള്‍, ഹോസ്പിറ്റലുകള്‍, എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ പോലും താറുമാറാകാന്‍ സാധ്യതയുള്ള കാര്യം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ബ്രിട്ടനിലെ എംപിമാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും മറ്റും ഓണ്‍ലൈനിലൂടെ പുറത്ത് വിടാനും റഷ്യ ഒരുങ്ങുന്നുവെന്ന് ഇന്റലിജന്‍സ് ഉറവിടങ്ങള്‍ മുന്നറിയിപ്പേകുന്നു.തന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന ബ്രിട്ടനടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വിധത്തിലുള്ള സൈബര്‍ ആക്രമണത്തിന് പുട്ടിന്റെ എല്ലാ വിധ അനുഗ്രഹാശിസുകളുമുണ്ടാകാന്‍ സാധ്യതയേറെയാണെന്നും പ്രവചനമുണ്ട്.

അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുംചേര്‍ന്ന് സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ശനിയാഴ്ച റഷ്യ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പുറമേക്ക് ധൈര്യം നടിക്കുന്നുണ്ടെങ്കിലും റഷ്യയുടെ തിരിച്ചടി ഒളിവിലോ തെളിവിലോ എന്നറിയാതെ ബ്രിട്ടനും കൂട്ടരും ഭയക്കുന്നുണ്ടെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്. ജിസിഎച്ച്‌ക്യു, മിനിസ്ട്രി ഓഫ് ഡിഫെന്‍സ് എന്നിവയിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇത്തരം മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് റഷ്യ കോപ്പ് കൂട്ടുന്നുണ്ടെന്നും അതിനെതിരെ സാധ്യമായ എല്ലാ മുന്‍കരുതലുകളുമെടുക്കുന്നുണ്ടെന്നും ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനും വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടനിലെ വീടുകള്‍ പോലും മുമ്പില്ലാത്ത വിധത്തില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഭീഷണിക്ക് വിധേയമാകാന്‍ സാധ്യതയേറെയാണെന്നാണ് ഡെയിലി മെയില്‍ എഴുതിയ ലേഖനത്തില്‍ സൈബര്‍ വിദഗ്ധനായ മാര്‍ക്ക് അല്‍മൊണ്ട് മുന്നറിയിപ്പേകുന്നത്. മുമ്പില്ലാത്ത വിധത്തില്‍ വീടുകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതാണ് ഇതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതിന് പുറമെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നേരെയും റഷ്യന്‍ ഹാക്കര്‍മാര്‍ കടുത്ത ആക്രമണങ്ങള്‍ നടത്തി വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി രാജ്യസുരക്ഷ തന്നെ അവതാള്ളത്തിലാക്കിയേക്കാമെന്ന ഉത്കണ്ഠയും വര്‍ധിച്ച്‌ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button