ചെന്നൈ: പെന്‍ഷന്‍ വാങ്ങാന്‍ ചെന്ന വിധവയുടെ നെറ്റിയില്‍ ചുവന്ന പൊട്ട് കണ്ടതിനെ തുടര്‍ന്ന് പെന്‍ഷന്‍ നിഷേധിച്ച് അധികൃതര്‍. എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്‍ഷന്‍ നിഷേധിക്കാനാണ് അധികൃതര്‍ വിചിത്ര കാരണം കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ച സ്ത്രീ പൊട്ട് തൊടില്ലെന്ന് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്‍ അപേക്ഷയില്‍ നെറ്റിയില്‍ ചാരം പൂശിയ പുതിയ ഫോട്ടോ പതിപ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായാണ് മരുമകള്‍ ആരോപിക്കുന്നത്.
നാല്‍പത് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവിന്റെ മുന്‍ ഓഫീസിലെത്തിയ സ്ത്രീയ്ക്കും മരുമകള്‍ക്കുമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവം നേരിട്ടത്. വേറെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങുന്നതിന് മുന്നോടിയായി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചെന്നൈ പോര്‍ട്ട് ട്രസ്റ്റിലെ ജീവനക്കാരനായിരുന്നു ഇവരുടെ ഭര്‍ത്താവ്.
ഭര്‍ത്താവിന്റെ പെന്‍ഷനിലെ അവകാശ സംബന്ധിയായ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരാമര്‍ശം. ഓഫീസിലെത്തുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉദ്യോഗസ്ഥനെ ഉണര്‍ത്തിയത് മുതല്‍ ഇയാള്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിസഹരണ മനോഭാവമായിരുന്നെന്നും മരുമകള്‍ ആരോപിക്കുന്നു. പെന്‍ഷന്‍ നിഷേധിച്ചതിനെക്കാളും അമ്മയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനാണ് മരുമകളുടെ പ്രതിഷേധം.
Post Your Comments