കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു പല രീതിയിലാണ് ആഘോഷിക്കുന്നത്. തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും വിഷുക്കൈനീട്ടത്തിലും വേണമെങ്കില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന ദിവസം.
മധ്യകേരളത്തില്‍ വിഷു കേമമായി ആഘോഷിക്കും. കൈനീട്ടവും കണികാണലും പുറമെ പടക്കം പൊട്ടിക്കലും വിഷുസദ്യയും എല്ലാമായി. വിഷുവിന്റെ തലേന്നു രാത്രിയും പടക്കമേളമുണ്ടാകും. ബാക്കി വെളുപ്പിന് കണി കണ്ട ശേഷം.
വടക്കോട്ടു പോകുന്തോറും വിഷു കെങ്കേമമെന്നു പറയേണ്ടി വരും. ഓണത്തേക്കാളേറെ വിഷുവിനാണ് ഇവിടെ പ്രാധാന്യം. വിഷുവിന് പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. ഓണക്കോടിക്കാണ് കേട്ടുകേള്‍വിയെങ്കിലും വിഷുക്കോടിക്കും സ്ഥാനം കുറവല്ലെന്നര്‍ത്ഥം. വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്.
തെക്കോട്ട് വിഷുവിന് പ്രാധാന്യമില്ലാത്തതു പോലെ വിഷുസദ്യക്കും വലിയ പ്രാധാന്യമില്ല. ചോറും കറിയിലുമൊതുങ്ങുന്നു ഭക്ഷണം. എന്നാല്‍ വടക്കോട്ട് പോകുന്തോറും വിഷുസദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തരാതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഷു വിഭവങ്ങള്‍ പ്രധാനമെന്നു തന്നെ പറയാം.
Post Your Comments