Latest NewsNewsIndia

കെ.വി തോമസ് ബി.ജെ.പിയിലേക്കോ? മോദിയെ പുകഴ്ത്തിയതോടെ കോൺഗ്രസിന് ആശങ്ക

കൊച്ചി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ കെ.വി.തോമസ് എം.പി നടത്തിയ അഭിപ്രായ പ്രകടനത്തെ തുടർന്ന് ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, ഹൈക്കമാന്റും ഞെട്ടിയിരിക്കുകയാണ് ഈ പ്രസ്താവനയെ തുടർന്ന്. കോണ്‍ഗ്രസ്സ് നേതാക്കളേക്കാള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്ന് മുന്‍ പി.എ.സി ചെയര്‍മാന്‍ കൂടിയായ കെ.വി തോമസ് അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും മോദിയെ കടന്നാക്രമിച്ച്‌ കൊണ്ടിരിക്കെ നടത്തിയ ഈ പ്രസംഗം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ ഇതിനകം തന്നെ തോമസ് വിരുദ്ധരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പെടുത്തിയിട്ടുണ്ട്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) ദേശീയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത് അഭിപ്രായപ്പെട്ടത്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന അഭ്യൂഹത്തിനിടെയാണ് അപ്രതീക്ഷിതമായി മോദിയെ പിന്തുണച്ച്‌ എറണാകുളം എം.പി കൂടിയായ കെ.വി.തോമസ് എത്തിയത് എന്നതും ശ്രദ്ധേയമാണ്.

കെ വി തോമസിന്റെ വാക്കുകളിലേക്ക് : “നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചിരുന്നു ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇതു തനിക്ക് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. പി.എ.സി ചെയര്‍മാനായിരിക്കെ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടിയപ്പോൾ ഡിസംബര്‍ 31-നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.”

“നോട്ട് നിരോധനം മൂലം രാജ്യത്തു കലാപമൊന്നുമുണ്ടായില്ല, ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. ബൊഫോഴ്സ് തൊട്ട് ഒട്ടേറെ പ്രശ്നങ്ങളെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്നങ്ങളെയും മോദി സവിശേഷമായ മാനേജ്മെന്റ് ടെക്നിക് ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാമെന്നും രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല.” കെ വി തോമസിന്റെ ഈ അഭിപ്രായ പ്രകടനം ബിജെപി നേതാക്കാളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button