KeralaLatest NewsNews

ഉറങ്ങാൻ മുറിവേണം; ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം വിനയാകുന്നു

കണ്ണൂർ: സിപിഎം- സിഐടിയു അക്രമങ്ങളെ മറികടന്ന് ജാതിവിവേചനത്തിനെതിരെ സമരം ചെയ്ത കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവു വിനയാകുന്നു.

സംരക്ഷിക്കാനെത്തിയ പൊലീസിനെ വീട്ടിൽ താമസിപ്പിക്കണമെന്ന ആവശ്യമാണു വാടക വീട്ടിൽ കഴിയുന്ന ചിത്രലേഖയ്ക്കു തലവേദനയാവുന്നത്. ‘സംരക്ഷിക്കാൻ’ രാത്രി പതിനൊന്നോടെ എത്തിയ പൊലീസ് സംഘത്തിലെ വനിതാ പൊലീസിനു രാത്രി താമസിക്കാൻ ഇടം കൊടുക്കണമെന്നാണ് ആവശ്യം. തൽക്കാലം സംരക്ഷണം വേണ്ട, നാളെ പറയാം എന്നു പറഞ്ഞു വെളളിയാഴ്ച പൊലീസിനെ വിട്ടെങ്കിലും നാളെ എന്തു പറയുമെന്നൊരു പിടിയുമില്ല.

ചിത്രലേഖയ്ക്കു വീടുവയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ കാട്ടാമ്പള്ളിയിൽ നൽകിയ അഞ്ചു സെന്റ് ഭൂമി തിരിച്ചുപിടിക്കാൻ എൽഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിനെതിരെ കെപിസിസിയുടെ സഹായത്തോടെ നൽകിയ ഹർജിയിലാണു ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. സർക്കാർ നൽകിയ അഞ്ചു സെന്റിൽ വീടു പണി അതിനകം തുടങ്ങുകയും ചെയ്തിരുന്നു.

ആ സ്ഥലത്തിനടുത്തു ചെറിയൊരു വാടക വീട്ടിലാണു ചിത്രലേഖയും ഭർത്താവും മകളും മകനും അമ്മമ്മയും ഇപ്പോൾ താമസിക്കുന്നത്. രണ്ടു ബെഡ്റൂമും ഹാളും അടുക്കളയുമാണു വാടക വീട്ടിലുള്ളത്. രാത്രി പതിനൊന്നോടെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു വനിതാ പൊലീസ് ഉൾപ്പെടെ നാലുപേർ ജീപ്പിലെത്തി.

വനിതാ പൊലീസിനു രാത്രി താമസിക്കാൻ ചിത്രലേഖയുടെ വാടക വീട്ടിൽ സൗകര്യമൊരുക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംരക്ഷിക്കാൻ വരുന്ന പൊലീസുകാർക്കു താമസിക്കാൻ സൗകര്യത്തിനു വേറെ വീടു സംഘടിപ്പിച്ചു കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു ചിത്രലേഖയും കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button