ശൂരനാട് : യാത്രക്കാരുമായെത്തിയ ബസ് ലവൽക്രോസിൽ പാളത്തിൽ കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. ട്രെയിൻ വരുന്ന സമയമായതോടെ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി. മൈനാഗപ്പള്ളി മണ്ണൂർക്കാവ് റെയിൽവേ ഗേറ്റിൽ ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്കായി വൈകിട്ട് ഇതിനു സമീപത്തെ മൈനാഗപ്പള്ളിയിലെ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീടു മണ്ണൂർക്കാവ് ഗേറ്റ് വഴിയാണു വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ ഇടുങ്ങിയ റോഡാണ്.
ഏഴരയോടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതു ഗതാഗതക്കുരുക്കിന് ഇടയാക്കി. തിരക്കിനിടയിൽ വാഹനങ്ങൾ കൂട്ടിമുട്ടുകയും ചെയ്തു. ഇതിനിടെയാണ് ഒരു ബസ് യാത്രക്കാരുമായി കുടുങ്ങിയത്. ട്രെയിൻ വരാൻ സമയമായതോടെ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരും ശ്രമിച്ചു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി ഇറങ്ങി ഓടുകയായിരുന്നു. പിന്നീടു ഗേറ്റ് തുറന്നു ബസ് പുറത്തിറക്കി. ഒൻപതു മണിയോടെ രണ്ടു ഗേറ്റ് വഴിയും ഗതാഗതം അനുവദിച്ചതോടെയാണു തിരക്കും ആശങ്കയും ഒഴിഞ്ഞത്.
Post Your Comments