ന്യൂഡല്‍ഹി : ജമ്മുവിലെ കത്വവ ജില്ലയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി അന്വേഷണ പുരോഗതി വിലയിരുത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. അതിക്രൂരമായി മാനഭംഗം നടന്ന സംഭവത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെയും വിവിധ സുപ്രീംകോടതി ജഡ്ജിമാരെയും സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം ചില അഭിഭാഷകര്‍ തടഞ്ഞുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ബാര്‍ അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്, ജമ്മു ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്, കത്വ ബാര്‍ അസോസിയേഷന് എന്നിവയ്ക്കാണ് നോട്ടിസ് അയച്ചത്.
ഇതിനിടെ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ ക്രൂരത തടയുന്ന പോസ്കോ നിയമം കൂടുതല്‍ കര്‍ശനമാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ മാനഭംഗക്കുറ്റം വധശിക്ഷയുടെ പരിധിയില്‍ വരുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണു നീക്കം.
അതേസമയം, എട്ടുവയസ്സുകാരിക്കെതിരായ കൊടുംക്രൂരതയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ ഗുജ്ജര്‍ സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
സംഭവം ഇങ്ങനെ:
എട്ടു വയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് കുറ്റപത്രം വെളിപ്പെടുത്തുന്നത്. കത്വയിലെ രസാന ഗ്രാമത്തിലെ ന്യൂനപക്ഷസമുദായമായ ബഖേര്‍വാല നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു പ്രദേശത്തെ പ്രമാണിയുടെ നേതൃത്വത്തില്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നു മജിസ്ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിന്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.
ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നല്‍കാതെ ലഹരി നല്കി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു.
ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ അഭിഭാഷകര്‍ സംഘം ചേര്‍ന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.
Post Your Comments