Latest NewsKeralaIndiaNews

ആസിഫയ്ക്കായി രാജ്യം ഒറ്റക്കെട്ടായി ഉണരണം:പിണറായി വിജയന്‍

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏത് മനുഷ്യനെയും കണ്ണീരണിയിക്കുന്നതും രോഷപ്പെടുത്തുന്നതുമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറയുന്നു.

ഓരോ പിതാവിനും മാതാവിനും ആസിഫ സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ട, എല്ലാ യുവതീ യുവാക്കള്‍ക്കും അവള്‍ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ട ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോര്‍ത്ത്, ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ആസിഫ ബാനു എന്ന എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുക; കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക- രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു.

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാര്‍ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാര്‍ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്‌നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്.

ഓരോ പിതാവിനും മാതാവിനും ആസിഫ സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ട, എല്ലാ യുവതീ യുവാക്കള്‍ക്കും അവള്‍ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ട ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോര്‍ത്ത്, ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button