![](/wp-content/uploads/2018/04/diasaster.jpg)
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡേ സീറോ ദുരന്തം പ്രവചിച്ചതിലും നേരത്തെ . പച്ചപ്പും ജലസമൃദ്ധിയും ഓര്‍മകള്‍ മാത്രമാകാന്‍ അധികകാലം വേണ്ട; രാജ്യം വരണ്ടുണങ്ങാന്‍ പോവുകയാണെന്നു പഠനം. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നില്‍ക്കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം പോലെ ‘ജലരഹിത ദിനം’ (ഡേ സീറോ) ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോര്‍ട്ട്. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്. മൊറോക്കോ, ഇറാഖ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു.
ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കല്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
മരുഭൂമിയാകുമോ കേരളം
ജലസമൃദ്ധിയുള്ള കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോള്‍തന്നെ വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. നദികളിലെയും അണക്കെട്ടുകളിലെയും വെള്ളം പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളുമുണ്ട്. മൂന്നു കോടി ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കുന്ന ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ജലസംഭരണി, ഇന്ദിരാ സാഗര്‍ ഡാം തുടങ്ങിയവയാണ് ഉദാഹരണമായി കാണിച്ചിരിക്കുന്നത്. രണ്ടിടത്തും വലിയ തോതില്‍ ജലനിരപ്പ് കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ഇന്ദിരാ സാഗര്‍ ഡാമിലെ ജലനിറവ് 800 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 500ല്‍ താഴെ ചതുരശ്ര കിലോമീറ്റര്‍ പരിധിയിലേക്കു ചുരുങ്ങി. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ സര്‍ദാര്‍ സരോവറിന്റെ ഗുണഭോക്താക്കളാണ്.
ലോകത്തു വെള്ളമില്ലാതാകാന്‍ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബെംഗളൂരുവിലെ ശുദ്ധജല തടാകങ്ങളിലെ 85% വെള്ളവും കുടിക്കാന്‍ യോഗ്യമല്ലാതായെന്നു കഴിഞ്ഞ മാസം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ ലഭ്യതയുടെ കാര്യത്തിലും സുന്ദരമായ കാലാവസ്ഥയുടെ കാര്യത്തിലും കേരളത്തിന് ലോകത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും ശക്തമായ മഴത്തുള്ളികള്‍ ലഭിക്കുന്നത് കേരളത്തിലാണെന്നു പറയപ്പെടുന്നു. പക്ഷേ, ജല ഉപയോഗത്തില്‍ മലയാളികള്‍ ധൂര്‍ത്തരാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു.
കേരളത്തിലെ നഗരങ്ങളില്‍ ഒരാള്‍ ഒരുദിവസം 300 ലീറ്റര്‍ വരെ വെള്ളം ഉപയോഗിക്കുണ്ടെന്നാണു കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളില്‍ ഇതു 150-200 ലീറ്റര്‍ വരെയാണ്. ഇവിടെ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും ആവശ്യത്തിന്റെ എത്രയോ മടങ്ങാണ്.
മുന്നറിയിപ്പായി കേപ്ടൗണ്‍
ശുദ്ധജല ദൗര്‍ലഭ്യം മൂലം മരണമുണ്ടായേക്കാവുന്ന ആദ്യ പ്രധാന പട്ടണം. ഓരോ ദിവസും കേപ് ടൗണില്‍ ജനമുണരുന്നത് ഈ ഭീതിയിലാണ്. 40 ലക്ഷത്തോളം ജനങ്ങളുള്ള ഇവിടെ മൂന്നു വര്‍ഷമായി കൊടിയ വരള്‍ച്ചയാണ്. ഫെബ്രുവരി ഒന്നു മുതല്‍ നഗരത്തില്‍ ജല ഉപയോഗത്തിനു നിയന്ത്രണമുണ്ട്. ഒരാള്‍ക്കു ദിവസം പരമാവധി 50 ലീറ്റര്‍ വെള്ളം മാത്രം. യുഎസില്‍ ഒരാള്‍ ദിവസം 300-380 ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്താണിത്. കുടിക്കാനും പാചകത്തിനും ഉപയോഗിച്ചിട്ടു മിച്ചമുണ്ടെങ്കില്‍ ഒരു ‘കാക്കക്കുളി’യാകാം. തുണിയലക്കിനെക്കുറിച്ചു ചിന്തിക്കേണ്ട. അടുക്കളയില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചാണു ശുചിമുറികളില്‍ ഉപയോഗിക്കുന്നത്.
ജലവിതരണത്തിനുള്ള വലിയ സംഭരണികളിലെ വെള്ളത്തിന്റെ തോത് 13.5 ശതമാനത്തില്‍ താഴെയെത്തുന്ന ദിവസം വീടുകളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കും. പിന്നെ പൊതുടാപ്പുകളിലൂടെ ഒരാള്‍ക്കു പരമാവധി ഒരു ബക്കറ്റ് വെള്ളം മാത്രം കിട്ടും. 20,000 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ 200 പൊതുടാപ്പുകളാണു നഗരത്തിലുള്ളത്. ഡേ സീറോ വരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇവിടുള്ളവര്‍ കഴിയുന്നത്. ചത്തടിയുന്ന വളര്‍ത്തുമൃഗങ്ങള്‍, കരിഞ്ഞുണങ്ങിയ മരങ്ങള്‍, മുക്കിലും മൂലയിലും വെള്ളത്തിനു വരിനില്‍ക്കുന്ന ജനക്കൂട്ടം. വര്‍ഷങ്ങള്‍ക്കു മുന്‍പേ അപകടസൂചന ലഭിച്ചിട്ടും കാര്യമായെടുക്കാത്തതിനു നല്‍കേണ്ടിവന്ന വിലയാണിതെന്ന് നാട്ടുകാരിപ്പോള്‍ മനസ്സിലാക്കുന്നു.
Post Your Comments