KeralaLatest News

കഥ തുടരുമ്പോൾ എസ്പി ജോർജ് എന്ന ദിലീപ് കഥയിലെ നായകൻ വില്ലനായി അറസ്റ്റ് ഭയക്കുന്നുവോ ?

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ആലുവ റൂറല്‍ എസ്.പി ജോർജ് അറസ്റ്റ് ഭീഷണിയില്‍. വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സാണ് രാത്രി പത്തുമണിയോടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഈ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ പ്രത്യേക അന്വേഷണ സംഘം കേസിൽ സഹായിച്ചാലും റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് ഒടുവില്‍ നിയമ നടപടി നേരിടേണ്ടി വരും. ലോക്കല്‍ പൊലീസ് നിയമപരമായി ചെയ്യേണ്ട കാര്യം എങ്ങനെ എസ്.പിയുടെ സ്‌ക്വാഡു ചെയ്തു എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് മനസിലായതോടെ സംഭവസ്ഥലത്തില്ലാത്ത സി.ഐ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കാനാണ് നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. നിലവിൽ സസ്‌പെന്‍ഷനിലായ ഇവരൊക്കെ ഏത് നിമിഷവും പ്രതിയാക്കപ്പെട്ട് ജയിലിലാവാനാണ് സാധ്യത. ഇനി ജോര്‍ജ്ജ് പ്രതിയായാലും സമാന സാഹചര്യം തന്നെ നേരിടണം. എസ്.പിയുടെ സ്‌ക്വാഡിലുളള പൊലീസുകാരുടെ അറസ്റ്റ് അവരുടെ മൊഴി ഫോണ്‍ രേഖ എന്നിവയാണ് നിര്‍ണ്ണായകമാകുന്നത്. അടുത്ത ജനുവരിയില്‍ ഡി.ഐ.ജിയാവേണ്ട ജോര്‍ജിനെ സംരക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരെ കുരുക്കിയാൽ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം.

അതോടൊപ്പം തന്നെ എസ്.പിയുടെ സ്‌ക്വാഡിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഓരോന്നായി പുറത്തു വരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിൽ വരാപ്പുഴയില്‍ തന്നെ ചീട്ടുകളി പിടിക്കാന്‍ പോയ ഈ സംഘത്തെ പേടിച്ച്‌ വെള്ളത്തില്‍ ചാടിയ യുവാവ് മരണപ്പെട്ടിരുന്നു. തുടർന്ന് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് ശ്രീജിത്തിന് ജീവന്‍ നല്‍കേണ്ടി വന്നതെന്നാണ് സേനയിൽ തന്നെ ഉയരുന്ന അഭിപ്രായം.

കുറ്റം ചെയ്തത് എസ്.പിയുടെ സ്വക്വാഡിലുള്ളവരാണ് എന്ന് തെളിയുന്നതോടെ സ്വാഭാവികമായും എസ്.പി എ.വി ജോര്‍ജിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വരും. ഇവർ നൽകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പിക്കെതിരെ നടപടി സർക്കാരാണ് സ്വീകരിക്കേണ്ടത്. ഇത് വൈകുംതോറും തെളിവുകള്‍ നശിപ്പിക്കപ്പെടും എന്ന ആശങ്കയുള്ളതിനാല്‍ ജോര്‍ജിനെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ സത്യസന്ധമായ അന്വേഷണം നടക്കില്ലന്ന് ഉറപ്പ് ഉള്ളതിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്നതാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് അഭിമുഖീകരിക്കേണ്ടി വന്ന സമാനമായ സാഹചര്യമാണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ റൂറല്‍ എസ്.പിക്കും ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി ബി.സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് സര്‍ക്കാര്‍ മാറ്റിയപ്പോഴും പിടിച്ചു നിന്ന ജോര്‍ജ് ഇപ്പോള്‍ ശരിക്കും വെട്ടിലായതായി ചില പൊലീസുകാര്‍ പോലും ചൂണ്ടിക്കാട്ടുന്നു.

അന്ന് ജോര്‍ജിന് മുന്നില്‍ താന്‍ നിരപരാധിയാണ് എന്ന് തുറന്ന് പറഞ്ഞത് ദിലീപ് ആണെങ്കില്‍ ഇന്ന് റൂറല്‍ എസ്.പി തന്നെയാണ് ഇക്കാര്യം പറയുന്നത്. ദിലീപിനോട് ചെയ്തതിന് ദൈവം നല്‍കിയ ‘അഗ്‌നിപരീക്ഷണം’ ആണ് ഇതെന്നു ചില ദിലീപ് ആരാധകർ പ്രതികരിക്കുന്നു. ദിലീപിന്റെ ‘കമ്മാരസംഭവം’ പുറത്തിറങ്ങുന്നതിനു മുന്‍പുണ്ടായ ഈ സംഭവം ദൈവ നിശ്ചയമായതിനെ ഇവരെ നോക്കിക്കാണുന്നു.

Also Read ;മോഹൻലാൽ സിനിമയ്‌ക്ക് സ്റ്റേ നൽകിയ എഴുത്തുകാരനു മോഹൻലാലിനെ പേടിയെന്നോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button