ArticleWomenLife Style

കാണാതെ പോകരുത്‌ നമ്മള്‍ കാരുണ്യത്തിന്‌റെ ഈ മാലാഖയെ

തോമസ് ചെറിയാന്‍ കെ

കാരുണ്യത്തിന്‌റെ ദിവ്യപ്രകാശം പരത്തിയ വിളക്കേന്തിയ വനിതയായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. യുദ്ധഭൂമിയില്‍ മുറിവേറ്റ് കിടന്നിരുന്ന നുറുകണക്കിന് പട്ടാളക്കാര്‍ക്ക് വേദനയില്‍ നിന്നും വിടുതല്‍ ലഭിക്കുവാന്‍ ആ വനിത കയ്യില്‍ റാന്തലുമേന്തി രാത്രികാലങ്ങളില്‍ യുദ്ധഭൂമിയില്‍ കര്‍മ്മ നിരതയായി. കാലങ്ങള്‍ കടന്നു പോയിക്കഴിഞ്ഞു. എന്നാല്‍ കാരുണ്യത്തിന്‌റെ പൊന്‍വിളക്കേന്തുന്ന മാലാഖ നമ്മോടൊപ്പം ഇവിടെ ഈ കൊച്ചു കേരളത്തില്‍ രാപകലില്ലാതെ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശിനി നര്‍ഗീസ് ബീഗം.

കഴിഞ്ഞ 15 വര്‍ഷമായി ഫാറൂഖിലെ കോയാസ് ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്‌റായി ജോലി ചെയ്യുകയാണ് നര്‍ഗീസ് ബീഗം. തനിക്ക് ലഭിച്ചിരുന്ന ചെറിയ ശമ്പളത്തില്‍ നിന്നും നീക്കി വയ്ക്കുന്ന തുകകൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നര്‍ഗീസ് ബീഗം എന്ന 36 കാരി ഇന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡോറയെന്ന ജീവകാരുണ്യ സംഘടനയുടെ ഡയറക്ടറാണ്. നഴ്‌സിംഗ് കോട്ട് അണിയണം എന്ന് ചെറുപ്രായത്തില്‍ ഉദിച്ച മോഹത്തില്‍ നിന്നുമാണ് കാരുണ്യപ്രവര്‍ത്തനത്തിന്‌റെ ആകാശത്തിലേക്ക് നര്‍ഗീസ് ഇന്ന് എത്തിനില്‍ക്കുന്നത്. രാമനാട്ടു കരയിലെ ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ചയാളാണ് നര്‍ഗീസ്. ഉപ്പ കൂലിപ്പണി ചെയ്ത് ലഭിച്ചിരിന്ന തുക കൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. രണ്ട് അനുജന്മാരും ഒരു അനുജത്തിയുമടങ്ങുന്ന കുടുംബം വളരെ കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് വളര്‍ന്നത്. എഴുതാന്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന കൗമാര കാലത്താണ് റോസ്‌നയെന്ന തന്‌റെ യഥാര്‍ത്ഥ പേരില്‍ നിന്നും നര്‍ഗീസ് എന്ന തൂലികാ നാമത്തിലേക്ക് ആ മാലാഖ ചേക്കേറിയത്. നഴ്‌സാവണം എന്ന ആഗ്രഹം ഉള്ളില്‍ തീ പോലെ ജ്വലിക്കുമ്പോഴും അതിലേക്കെത്താനുള്ള വഴികളില്‍ വിധി തടസം സൃഷ്ടിച്ചുകൊണ്ടിരുന്നു.

പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചു. പക്ഷേ മാര്‍ക്ക് കുറവായതിനാല്‍ നഴ്‌സിംഗ് അഡ്മിഷന്‍ കിട്ടാന്‍ വൈകി. ഡോണേഷന്‍ കൊടുത്ത് സീറ്റ് വാങ്ങാനുള്ള പണവും നര്‍ഗീസിന്‌റെ കുടുംബത്തിന് താങ്ങാന്‍ സാധിച്ചില്ല. ഒടുവില്‍ രാമനാട്ടുകര എല്‍സിഎം കോളേജില്‍ മിഡ് വൈഫറി കോഴ്‌സിനു ചേര്‍ന്നു. നഴ്‌സിംഗ് കോട്ട് എന്ന സ്വപ്‌നത്തെയും ആതുരസേവത്തിനു ജീവിതം മാറ്റിവയ്ക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തെയും നേടിയെടുക്കാന്‍ ആ വഴി പര്യാപ്തമായിരുന്നു. ചെറിയ ഫീസില്‍ പഠനം പൂര്‍ത്തിയാക്കി. പഠനശേഷം ഫാറൂഖിലെ കോയാസ് ആശുപത്രിയില്‍ സേവനം ആരംഭിച്ചു. കിട്ടിയിരുന്ന ശമ്പളത്തില്‍ നിന്നും ചെറു തുക മാറ്റിവയ്ച്ച് 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് നര്‍ഗീസ് ആരംഭിച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദിവസം ചെല്ലും തോറും കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണ്. ആദ്യ കാലത്ത് ഒരുപാട് എതിര്‍പ്പുകളും മറ്റും പല ഭാഗത്തു നിന്നും നര്‍ഗീസ് അനുഭവിച്ചു. ബന്ധുക്കളും നാട്ടുകാരുമൊക്കെ പലതും പറഞ്ഞെങ്കിലും നര്‍ഗീസിന്‌റെ ഉള്ളിലെ കാരുണ്യത്തിന്‌റെ കനല്‍ അണഞ്ഞില്ല.ആദ്യം ലഭിച്ചിരുന്ന ശമ്പളത്തില്‍ നിന്നും 500 രൂപ മാറ്റി വയ്ച്ച് രോഗികള്‍ക്ക് മരുന്നും മറ്റും വാങ്ങുവാന്‍ നര്‍ഗീസ് സഹായിച്ചു. നിറകണ്ണുകളോടെ നിരധി രോഗികള്‍ നര്‍ഗീസിന്‌റെ സ്‌നേഹത്തിന്‌റെ മൂല്യം അനുഭവിച്ചറിഞ്ഞു. നര്‍ഗീസിന്‌റെ പ്രവര്‍ത്തനം കണ്ട പല ആളുകളും സാമ്പത്തികമായി ഒപ്പം നില്‍ക്കാന്‍ മറന്നില്ല. നര്‍ഗീസിന്‌റെ സേവനം കണ്ട സുഹൃത്തുക്കളും നര്‍ഗീസിന്‌റെ ഒപ്പം തണലായി നിന്നു. സാമ്പത്തികമായി ആവശ്യം വന്നപ്പോഴൊക്കെ അവര്‍ കൈയയച്ച് സഹായിച്ചു. പലരും തേടിയെത്തി. പണമായും ഭക്ഷണമായും മരുന്നായും ആശ്വാസ വാക്കുകളായും കാരുണ്യം കാംക്ഷിക്കുന്നവരുടെ മുന്നില്‍ നര്‍ഗീസ് ബീഗം ഒരു മാലാഖ തന്നെയായി മാറി.

സഹായം ആവശ്യമുള്ളവരുടെ ഇടയിലേക്ക് ഓടിയെത്താന്‍ ഒരു ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ വാങ്ങി. നര്‍ഗീസിന്‌റെ കരങ്ങള്‍ കാത്തിരിക്കുന്നവര്‍ സ്‌കൂട്ടറിന്‌റെ ശബ്ദം കേര്‍ക്കാനും നര്‍ഗീസിനെ കാണാനുമായി വീടിനുമുന്‍പില്‍ മിക്കവാറും നില്‍ക്കുന്നുണ്ടായിരിക്കും. അവരുടെ പ്രതീക്ഷകള്‍ക്കു ഭംഗം വരാതെ കൃത്യ സമയത്തു തന്നെ തന്‌റെ ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ നര്‍ഗീസ് ഓടിയെത്തുന്നു. കാലം മാറിയപ്പോള്‍ ഫേസ്ബുക്ക് എന്ന സാമൂഹ്യ മാധ്യമം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് നര്‍ഗീസ് പറയുന്നു. സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ തന്‌റെ ഫേസ്ബുക്ക് പേജിലൂടെ നര്‍ഗീസ് ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. പണം ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ഫേസ്ബുക്ക് പോസ്റ്റായി ഇട്ടപ്പോള്‍ ലോകത്തിന്‌റെ വിവിധ കോണുകളില്‍ നിന്നും നിരവധി ആളുകളാണ് നര്‍ഗീസിനെ തേടിയെത്തിയത്. കാരുണ്യത്തിനറെ ഈ മാലാഖ സേവിക്കാന്‍ തയാറായി നില്‍ക്കുന്നരുടെയും സഹായം ആവശ്യമായിട്ടുളളവരുടെയും മദ്ധ്യസ്ഥയായി അവരിലേക്കിറങ്ങി. രോഗികള്‍, അനാഥര്‍, സമൂഹത്തില്‍ ഒറ്റപെട്ടുപോയവര്‍, തൊഴില്‍ ഇല്ലാത്തവര്‍, പട്ടിണിയുടെ നടുക്കയത്തിലായിരുന്നവര്‍, വിവാഹ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഷ്ടപ്പെട്ടിരുന്ന കുടുംബങ്ങള്‍, പ്രായമേറിയവര്‍, മാനസിക രോഗികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ക്ക് നര്‍ഗീസിന്‌റെ കരങ്ങളില്‍ നിന്നും കാരുണ്യത്തിന്‌റെ ദിവ്യ സ്പര്‍ശനം അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

ആദ്യകാലങ്ങളില്‍ പകല്‍ ആതുര സേവനലും ആശുപത്രിയിലെ ജോലി രാത്രിയുമാണ് നര്‍ഗീസ് ചെയ്തിരുന്നത്. ഇപ്പോള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആശുപത്രി ജോലി. ബാക്കിയുള്ള സമയത്ത് സേവന സന്നദ്ധയായി നര്‍ഗിസ് സമൂഹത്തിലേക്ക് ഇറങ്ങും. കഴിഞ്ഞ രണ്ടു വര്‍ഷമായി നര്‍ഗീസ് അഡോറയെന്‌ന ജീവകാരുണ്യ സംഘടനയുടെ പ്രധാന തൂണാണ്. 2017 ഫെബ്രുവരി 18ന് ആരംഭിച്ചതാണ് നര്‍ഗീസിന്‌റെ ഏറെ കാലത്തെ സ്വപ്‌നമായ എയ്ഞ്ചല്‍സ് എന്ന വസ്ത്രക്കട. പാവപ്പെട്ട ആളുകള്‍ക്ക് ഇവിടെ നിന്നും സൗജന്യമായി വസ്ത്രങ്ങള്‍ ലഭിക്കും. ആളുകള്‍ വിവാഹത്തിനു വേണ്ടി മാത്രം ഉപയോഗിച്ച ശേഷം പിന്നീട് അലമാരകളില്‍ ഒതുങ്ങിപ്പോകുന്ന വിവാഹ വസ്ത്രങ്ങള്‍ നര്‍ഗീസ് ശേഖരിക്കും. എയ്ഞ്ചല്‍സിലൂടെ അവയെല്ലാം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സമ്മാനമായെത്തിയിരിക്കും. വസ്ത്രശാല ആരംഭിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 94 പെണ്‍കുട്ടികളാണ് എയ്ഞ്ചല്‍സില്‍നിന്നുമുള്ള വിവാഹ വസ്ത്രങ്ങളണിഞ്ഞു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എയ്ഞ്ചല്‍സ് വസ്ത്രശാലയുടെ വാര്‍ഷികത്തിന്‌റെ ഭാഗമായി നടത്തിയ സൗജന്യ ഷോപ്പിംഗ് എക്‌സ്‌പോയിലേക്ക് ആയിരക്കണക്കിനു വസ്ത്രങ്ങളാണ് എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയിലുടെ വരെ എയ്ഞ്ചല്‍സിലേക്ക് വസ്ത്രങ്ങളെത്തി.

തന്‌റെ നഴ്‌സിംഗ് ജീവിതത്തിനും ആതുര സേവനത്തിനും ഇടയില്‍ രണ്ട് ആണ്‍മക്കളെ ശ്രദ്ധിക്കാന്‍ കുറച്ചു സമയം മാത്രമേ ലഭിക്കുന്നു എന്ന ചെറു പരിഭവം മാത്രമാണ് നര്‍ഗീസിനുള്ളത്. എന്നിരുന്നാലും വയനാട്ടില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്‌റെയും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ നര്‍ഗീസിനോപ്പെം എപ്പോഴുമുണ്ട്. സാമൂഹ്യ സേവനം നടത്തുവാന്‍ ഒരു സംഘടനയുടെയോ പാര്‍ട്ടിയുടെ ബലമില്ലാതെ സ്വന്തം ഇച്ഛാശക്തിയിലൂടെയും സാധിക്കുമെന്ന് തെളിയിക്കുകയാണ് നര്‍ഗീസ് ബീഗം. നര്‍ഗീസിന്‌റെ സേവനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളും തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ആശ്രയമില്ലാത്തവരുടെ സ്‌നേഹവും പ്രാര്‍ഥനയുമാണ് നര്‍ഗീസ് മനസില്‍ നിധിപോലെ സൂക്ഷിക്കുന്ന ഏറ്റവും വലിയ അംഗീകാരം. രോഗികള്‍ക്കുള്ള മരുന്നിനും മറ്റു ചെലവുകള്‍ക്കുമൊക്കെയായി മാസം 35000 രൂപയോളം നര്‍ഗീസിനും അഡോറയ്ക്കും ആവശ്യമായി വരുന്നുണ്ട്. എന്നിരുന്നാലും 5000ല്‍ അധികം വരുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളും 31000 ഫോളേവേഴ്‌സും അവരുടെ സുഹൃത്തുക്കളുമടക്കം വലിയോരു പിന്തുണ നര്‍ഗീസിനോപ്പമുണ്ട്.

ഒന്നെഴുന്നേറ്റ് നടക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രയമാകുന്ന ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുറന്ന വീടാണ് നര്‍ഗിസിന്‌റെ മോഹം. അതിനായി വയനാട്ടില്‍ സ്ഥലം കണ്ടെത്തി അഡ്വാന്‍സും നല്‍കി. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമത്തിലാണ് നര്‍ഗീസ് ഇപ്പോള്‍. പണത്തിനും മറ്റ് സുഖസൗകര്യങ്ങള്‍ക്കും പിന്നാലെയോടുന്ന ഇന്നിന്റെ സമൂഹത്തിന് നര്‍ഗീസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. സഹജീവി സ്‌നേഹമാണ് ജീവിതത്തില്‍ വേണ്ട എറ്റവും പ്രധാന ഘടകങ്ങളിലൊന്ന് എന്ന് നര്‍ഗീസ് സ്വന്ത ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു. നര്‍ഗീസിന്‌റെ ഈ പ്രയാണത്തിന് നമുക്കേവര്‍ക്കും പ്രാര്‍ഥനയും ഒപ്പം സഹായ ഹസ്തവുമായി കൂടെ നില്‍ക്കാം. നര്‍ഗീസ് ബീഗമെന്ന സ്‌നേഹത്തിന്‌റെ പര്യായം നിറതേജസുള്ള കെടാവിളക്കായി ലോകത്തിന് എന്നും മാതൃകയായി തീരട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button