KeralaLatest NewsNews

പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുപ്പ് : ഭരണസമിതി വരുത്തിയ രണ്ടായിരം കോടിയുടെ ബാധ്യത ഇനി സര്‍ക്കാരിന്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂര്‍ത്തിയാവുന്നത് കണ്ണൂരിലേയും ഉത്തര മലബാറിലേയും ജനങ്ങളുടെ ചിരകാല അഭിലാഷം. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്‌നമാണ് പൂവണിയുന്നത്. എന്നാൽ കോളേജ് തുടങ്ങിയ കാലംതൊട്ട് അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാക്കി, കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഭരണസമിതികള്‍ ഉണ്ടാക്കിവെച്ചത്. ഈ ബാധ്യത ഇനി സർക്കാരിന്റെ ചുമലിൽ ആയി.

കോളേജ് നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനു വരിക. ഹഡ്‌കോയില്‍ നിന്നുള്ള വായ്പ മാസങ്ങളായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തിരിച്ചടയ്ക്കുന്നുണ്ട്. രാജ്യത്തെ ആദ്യ സഹ. മെഡി. കോളേജിനെ തകര്‍ത്തത് അഴിമതിയും വഴിവിട്ട നിയമനങ്ങളുമായിരുന്നു.

ലക്ഷങ്ങള്‍ വെട്ടിക്കാന്‍ മാത്രമായി ചികിത്സാ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. ഗുണം കുറഞ്ഞവയായതിനാല്‍ അവ പെട്ടെന്നു തന്നെ ഉപയോഗശൂന്യമായി. ഇത് വലിയ നഷ്ടമുണ്ടാക്കി. ആവശ്യത്തിലധികം ജീവനക്കാരെ ലക്ഷങ്ങള്‍ ശമ്ബളം നല്‍കി നിയമിച്ചു. അവരാകട്ടെ പാര്‍ട്ടിക്കാരും. ഭരണസമിതിയുടെ ധൂര്‍ത്താണ് മറ്റൊരു കാരണം. 1997ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കോളേജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും സൊസൈറ്റിയെ ഏല്‍പ്പിച്ചു.

മാനേജ്‌മെന്റ് രീതിയിലാണ് എംബിബിഎസ് പ്രവേശനവും.അതിനാല്‍ അക്കാര്യത്തിലും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ഷയരോഗത്തിനു സൗജന്യ ചികിത്സ നല്‍കാന്‍ മലബാറിലെ പ്രമുഖ വ്യവസായി സാമുവല്‍ ആറോണ്‍ സൗജന്യമായി സര്‍ക്കാരിനെ ഏല്‍പ്പിച്ച 116 ഹെക്ടര്‍ ഭൂമിയുടെ ഒരുഭാഗമാണ് മെഡിക്കല്‍ കോളേജ്. എന്നാൽ ഇവിടെയുണ്ടായിരുന്ന ടിബി സാനട്ടോറിയം പൂട്ടി. 200 കോടി വിലമതിക്കുന്ന 48.16 ഹെക്ടര്‍ ഭൂമിയാണ് അന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കൊടുത്തത്.

ധര്‍മ്മസ്ഥാപനങ്ങള്‍ നടത്താന്‍ മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാണ് ആശുപത്രി പണിതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button