ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്നും ഈ അവസ്ഥ തുടരുകയാണെങ്കില്‍ ചരിത്രം മാപ്പു തരില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിന്റെയും അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയുടെയും നിയമനം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ.എം ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ ജസ്റ്റിസ് കൊളീജിയം നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അന്തിമ തീരുമാനമുണ്ടായില്ല. മൂന്നു മാസത്തിനു ശേഷവും കോടതിയിലെ ശുപാര്‍ശയുടെ തീരുമാനമെന്തെന്ന് അന്വേഷിക്കാതിരിക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇക്കാര്യത്തില്‍ തീരുമാമെടുക്കാന്‍ ഏഴു അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുകയോ പ്രശ്നത്തില്‍ കോടതി സ്വമേധയാ ഇടപെടുകയോ വേണം.
സ്വന്തം ജഡ്ജിമാരുടെ ആവശ്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ കഴിയാത്ത സുപ്രീം കോടതിയുടെ അന്തസും ബഹുമാനവും ഓരോ ദിവസം ചെല്ലുംതോറും താഴേയ്ക്ക് കൂപ്പുകുത്തുകയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആരോപിച്ചു. സുപ്രീം കോടതിയിലുള്ള 22 ജസ്റ്റിസുമാര്‍ക്കും താന്‍ അയച്ച കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മഥന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് കൊളീജിയം.
Post Your Comments