ചണ്ഡീഗഡ് : കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ. മുപ്പതു വർഷം മുൻപ് നടന്ന അടിപിടിക്കേസിൽ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സിദ്ധുവിനെതിരെ മൊഴി നൽകിയത്. കേസിൽ പങ്കില്ലെന്ന സിദ്ധുവിന്റെ വാദം തെറ്റാണെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സിദ്ധു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി ഉത്തരവ് തുടരണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. 1988 ഡിസംബർ 27 നായിരുന്നു സംഭവം. പട്യാലയിൽ വച്ച് നടന്ന അടിപിടിക്കിടെ അറുപത്തഞ്ച് കാരനായ ഗുർനാം സിംഗിനെ മർദ്ദിച്ചെന്നും മർദ്ദനം മൂലം ഇയാൾ കൊല്ലപ്പെട്ടെന്നുമാണ് കേസ് . മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്കായിരുന്നു കേസ് ചാർജ് ചെയ്തത്. ഈ കേസിൽ സിദ്ധുവിനെ ട്രയൽ കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി തെറ്റുകാരനാണെന്ന് വിധിച്ചിരുന്നു.
ഗുർനാം സിംഗ് കൊല്ലപ്പെട്ടത് തലയ്ക്കേറ്റ അടി മൂലമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സിദ്ധുവിനെയും ഒരു കൂട്ടാളിയെയും മൂന്നുവർഷം തടവിനു ശിക്ഷിച്ച കോടതി ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു.
Post Your Comments