തിരുവനന്തപുരം∙ പ്രതിയുടെ ബന്ധു ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്തു കേസ് ഒതുക്കാൻ സഹായം വാഗ്ദാനം ചെയ്ത സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഒളിക്യാമറയിൽ കുടുങ്ങി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണു നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.മർദനത്തിൽ ഒരാളുടെ മൂക്കിനു ഗുരുതര പരുക്കേറ്റ കേസ് ഒത്തുതീർപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.
കേസ് സ്റ്റേഷനിൽ തീർക്കേണ്ടതാണെന്നും പണം കൊടുത്തു സെറ്റിൽ ചെയ്യാമെന്നു പറഞ്ഞിട്ടു പരാതിക്കാരൻ സമ്മതിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. മാടവിൻവിളയ്ക്കു സമീപത്തെ ഒരു വർക്‌ഷോപ്പിലാണു മദ്യസൽക്കാരം. സ്റ്റേഷനിലെ ചില പൊലീസുകാർ ഡ്യൂട്ടി സമയത്തു മദ്യപിക്കുന്നതായി റിപ്പോർട്ടു നൽകിയ ഉദ്യോഗസ്ഥൻ തന്നെ മദ്യപിക്കുന്നതിനിടെ ഒളി ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്.
മദ്യം വിളമ്പിയ യുവാവ് രഹസ്യമായി ഒളിപ്പിച്ച മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുകയായിരുന്നുവത്രെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥനു റിപ്പോർട്ട് തയാറാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ മാത്രമേ അധികാരമുള്ളൂ. എന്നാൽ ഇദ്ദേഹം കേസുകൾ ഒത്തുതീർക്കാനും മറ്റും അനാവശ്യമായി ഇടപെടുന്നുവെന്ന ആക്ഷേപം ശക്തമാണ്.
Post Your Comments