Latest NewsArticleNewsIndia

പശ്ചിമ ബംഗാളിൽ ബിജെപി രണ്ടാം കക്ഷിയായി മാറുന്നു; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം സിപിഎം നേതാക്കൾ പോലും മത്സരിക്കാൻ തയ്യാറല്ല, മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു

കഴിഞ്ഞ ദിവസം, അതായത് ഏപ്രിൽ 9ന്. സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ശ്രദ്ധിച്ചിരിക്കും. ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രമാണ് അത് പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ 24 പർഗാനാസ് ജില്ലയിലെ ബരീൻപൂർ എന്ന സ്ഥലത്ത് നടന്ന സംഭവമാണ്. ഒരു ചെറുപ്പക്കാരി ഏതാനും പേർക്കൊപ്പം (അവരിൽ സ്ത്രീകളുമുണ്ട്) ഒരു ബ്ലോക്ക് ഓഫീസിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തി. ഓഫീസിൽ കയറുന്നതിന് മുൻപ് ആ യുവതിയെ കുറേപ്പേർ ചേർന്ന് കടന്നാക്രമിച്ചു. അവരെ വഴിയിലിട്ട് വേട്ടയാടി. കൂടെവന്നവർക്കും കിട്ടി വേണ്ടതിലേറെ അടിയും ഇടിയും. ആ രംഗങ്ങൾ വിഡിയോയിലുണ്ട്. ഇതാണ് ഇന്നിപ്പോൾ പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഗോദയിൽ പലയിടത്തും കാണുന്നത്. മമത ബാനർജിയുടെ മറ്റുള്ളവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ടിഎംസിക്കാർ തടയുകയാണ്. അങ്ങിനെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് വിജയിക്കാം എന്ന് അവർ കരുതുന്നു. മുൻപ് സിപിഎം ഇതൊക്കെയാണ് ചെയ്തതെന്ന് ടിഎംസിക്കാർ പറയുന്നുമുണ്ട് ; പഴയ സിപിഎമ്മുകാരാണ് ഇന്നത്തെ പല ടിഎംസി ഗുണ്ടകളും. ഇതിനിടയിലും ഒരു വെള്ളിവെളിച്ചം കാണുന്നു എന്നതാണ് രസകരം, ആവേശം പകരുന്നത്. അത് എബിപി ന്യൂസ് നടത്തിയ പ്രീ- പോൾ സർവേയാണ്. അതുപ്രകാരം ബംഗാളിൽ ജില്ല പഞ്ചായത്തുകളിൽ രണ്ടാമത്തെ കക്ഷിയായി ബിജെപി ഇത്തവണ മാറും. സംസ്ഥാനത്ത് , പ്രീ പോൾ സർവേ പ്രകാരം 24 ശതമാനം വോട്ടും ഏതാണ്ട് 144 സീറ്റുകളും ബിജെപി കരസ്ഥമാക്കും. ടിഎംസി 35 ശതമാനം വോട്ടോടെ 532 സീറ്റുകൾ നേടുമ്പോൾ സിപിഎം 14 % വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തും; 90 ഓളം സീറ്റുകളും. കോൺഗ്രസ് ആവട്ടെ അവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വെറും 8 ശതമാനം വോട്ടും ഏതാണ്ട് 49 സീറ്റും. 2013 ൽ അവിടെ ജില്ലാ പഞ്ചായത്തിൽ ബിജെപി ഒരുസീറ്റ് പോലും കരസ്ഥമാക്കിയിരുന്നില്ല എന്നത് തിരിച്ചറിയുമ്പോഴാണ് ഈ വലിയ മുന്നേറ്റത്തിന്റെ പ്രാധാന്യം മനസിലാവുക. ‘ഇന്ത്യ പിടിക്കാൻ ഇറങ്ങിയ’ മമത ബാനർജിക്ക് ഇത്തവണ സ്വന്തം നാട്ടിൽ നാല്പത് ശതമാനം വോട്ടുപോലും കിട്ടാത്ത അവസ്ഥയാവുന്നു എന്നതാണ് രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റൊരു സംഭവം. ഇനി എത്ര സീറ്റുകൾ ലഭിച്ചാലും ബംഗാളിൽ ബിജെപി ഒരു രണ്ടാം കക്ഷിയായി മാറുന്നു, ഗ്രാമങ്ങളിൽ പോലും കരുത്താർജ്ജിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബംഗാളിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. ഗ്രാമ ഗ്രാമാന്തരങ്ങളിൽ അക്രമം കൊണ്ട് പ്രതിയോഗികളെ നിയന്ത്രിക്കാനാണ് ടിഎംസി തീരുമാനിച്ചത്. രാമനവമിക്കും മറ്റും നടന്ന കൊള്ളിവെപ്പുകൾ ജനജീവിതംദുസ്സഹമാക്കിയിരുന്നു. പോലീസ് എല്ലായിടത്തും അക്രമികൾക്കൊപ്പമായി. ഇസ്ലാമിക ഫ്രിഞ്ച് ഗ്രൂപ്പുകൾ അക്രമിസംഘത്തിന് നേതൃത്വം നൽകുന്നത് പതിവ് ചിത്രമായി. ബിജെപി മാത്രമല്ല സിപിഎമ്മും കോൺഗ്രസുമൊക്കെ പരാതിയുമായെത്തി. പക്ഷെ ഒരു പ്രയോജനവുമുണ്ടായില്ല. അവസാനമായാണ് പ്രതിയോഗികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് തടയാനുള്ള പദ്ധതി മമതയുടെ സ്വന്തക്കാർ തയ്യാറാക്കിയത്. ബിജെപി ഗ്രാമപ്രദേശങ്ങളിൽ അടിവേരുകൾ ശക്തമാക്കി എന്നതാണ് അതിന് അവരെ പ്രേരിപ്പിച്ചത് എന്നത് വ്യക്തം. അതോടെ മറ്റ് മാർഗങ്ങൾ തേടാൻ ബിജെപി നിർബന്ധിതമായി. നൂറോളം പേർ ഒന്നിച്ചും മറ്റുമാണ് അവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോയത്. എന്നിട്ടും അക്രമങ്ങൾ നേരിടേണ്ടിവന്നു. നേരത്തെ സൂചിപ്പിച്ച ബരീൻപൂർ സംഭവം അതിന്റെ ഒരു ഉദാഹരണമാണ്. സ്ത്രീകൾ പോലും നടുറോഡിൽ ആക്രമിക്കപ്പെട്ടു എന്നതാണ് വസ്തുത.

ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുക എന്നത് മാത്രമായിരുന്നു ബിജെപിക്ക് മുന്നിലെ പോംവഴി. തിരഞ്ഞെടുപ്പിൽ കേന്ദ്ര സേനയെ നിയോഗിക്കണം, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിക്കണം എന്നതൊക്കെ അവർ അവിടെ ഉന്നയിച്ചു. പക്ഷെ സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല. അത് സ്വാഭാവികമായ കാര്യമാണ് താനും. ഒരിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ കോടതി ഇടപെടാറില്ല എന്നതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. അത് സുപ്രീംകോടതി ആവർത്തിക്കുകയാണ് ചെയ്തത്. ഇവിടെ പക്ഷെ ഒരുകാര്യമുണ്ട്. കോൺഗ്രസും ബംഗാളിലെ അതിക്രമങ്ങളിൽ ആശങ്കയുമായി കോടതിയിലെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി അവിടെ ഹാജരായത് കോൺഗ്രസ് നിലപാടിനെ എതിർക്കാനായിട്ടാണ്. ടിഎംസിയുടെ വക്കീലായിട്ട്‌ . രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ ഗതികേട് എന്നതല്ലാതെ എന്താണിതിനെ പറയുക. സുപ്രീം കോടതിവിധിക്ക് ശേഷം ബിജെപി രണ്ടും കല്പിച്ചുതന്നെയാണ് നീങ്ങുന്നത്. ഇനി അക്രമം നടത്താൻ ടിഎംസി തയ്യാറായാൽ അതെ നാണയത്തിൽ തിരികെ നൽകും എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് വ്യക്തമാക്കിക്കഴിഞ്ഞു. “അക്രമത്തെ അക്രമം കൊണ്ട് നേരിടാതെ ഇവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായി” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇനിയുള്ള നാളുകൾ നിർണ്ണായകമാണ്. മെയ് ഒന്ന് , മൂന്ന് , അഞ്ച്‌ തീയതികളിലാണ് വോട്ടെടുപ്പ്.

വ്യാപക തിരഞ്ഞെടുപ്പ് അതിക്രമങ്ങൾ നടന്നതായി ഇതിനകം തന്നെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കുറെയേറെ പഞ്ചായത്തുകൾ ടിഎംസി “ഏകകണ്ഠമായി” പിടിച്ചടക്കിയിട്ടുണ്ട്. പത്രിക സമർപ്പിക്കാൻ രാഷ്ട്രീയ പ്രതിയോഗികളെ അനുവദിക്കാത്തതാണ് അതിനുള്ള കാരണം എന്നത് വ്യക്തം. കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിലേത് പോലെയാണ് അവിടെ ടിഎംസി കാര്യങ്ങൾ നീക്കുന്നത്. ടിഎംസി അവകാശപ്പെട്ടത് ഒരു ജില്ലാ പരിഷത്തിലെ 42 സീറ്റുകളിൽ 41 എണ്ണവും അവർ എതിരില്ലാതെ വിജയിച്ചു എന്നാണ്. ഇത് എങ്ങിനെ സംഭവിക്കുന്നു എന്നത് ഒരു പിടിയുമില്ല. ഒരു റവന്യു ജില്ലയിൽ ടിഎംസിക്ക് എതിരെ മത്സരിക്കാൻ ഒരാളും രംഗത്ത് വരുന്നില്ല എന്നത് എങ്ങിനെയാണ് വിശ്വസിക്കുക. തിരഞ്ഞെടുപ്പ് അട്ടിമറി തന്നെയാണിത് എന്നതിൽ സംശയമുണ്ടാവേണ്ട കാര്യമില്ല. അതുപോലെ മുർഷിദാബാദ് ജില്ലയിലെ കാന്റിയിൽ 30ൽ 29 സീറ്റുകളും ഭരത്പൂരിൽ 21 പഞ്ചായത്തുകളും ബാർവാനിൽ 37 പഞ്ചായത്തുകളും എതിരില്ലാതെ ടിഎംസിയെ വിജയിപ്പിക്കുന്നു. ചിലയിടങ്ങളിൽ ഒന്നും രണ്ടും സീറ്റുകളിൽ മാത്രമാണ് എതിരാളികളുള്ളത്. ഇതൊക്കെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ എന്താണ് ചലനങ്ങൾ ഉണ്ടാക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇത്തരമൊരു പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേതാവിനെയാണ് സിപിഎമ്മും കോൺഗ്രസും നാണമില്ലാതെ ദേശീയതലത്തിൽ ബദൽ നേതാവ് എന്നമട്ടിൽ ചുമന്നുകൊണ്ട് നടക്കുന്നത് എന്നതും തിരിച്ചറിയേണ്ടതുണ്ട്.

ഇതിനിടയിലാണ് പ്രീ പോൾ സർവേകൾ നടന്നത്. ഒരുപക്ഷെ അത് നൽകിയ സൂചനകൾ തന്നെയാവണം ടിഎംസിയെ ഇത്തരമൊരു വ്യാപക അക്രമത്തിന് പ്രേരിപ്പിച്ചത്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചില്ലെങ്കിൽ ഭൂരിപക്ഷം പഞ്ചായത്തുകളും ബിജെപി പക്ഷത്തേക്ക് നീങ്ങുമെന്ന് അവർ വിലയിരുത്തിയിരിക്കണം. എന്നാലും കുറെ സീറ്റുകളിൽ മത്സരിക്കാൻ ബിജെപിക്കാവുന്നു. ഏറ്റവും കുറച്ചു സ്ഥാനാർഥികളെ നിർത്തിയത് കോൺഗ്രസാണ്. അവർ അവിടെ ഏതാണ്ടൊക്കെ നാമാവശേഷമാവുന്നു എന്നതാണ് ഇത് കാണിക്കുന്നത്. കോൺഗ്രസുകാരിൽ നല്ലൊരു ഭാഗം ഇപ്പോൾ തന്നെ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കുറേപ്പേർ ടിഎംസിയിലേക്കും ചേക്കേറി. സിപിഎമ്മിനും അവരുടെ പാർട്ടി തീരുമാനിച്ചതനുസരിച്ച് സ്ഥാനാർഥികൾ ഇല്ല. ചിലയിടങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിയാത്തതും ചിലയിടങ്ങളിൽ പാർട്ടി തീരുമാനിച്ച വ്യക്തികൾ മത്സരിക്കാൻ തയ്യാറാവാത്തതും സിപിഎമ്മിനെ അലട്ടിയിരുന്നു. പല ഗ്രാമ പഞ്ചായത്തുകളിലും സിപിഎം ടിക്കറ്റിൽ മത്സരിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടായിരിക്കുന്നു ബംഗാളിൽ എന്നതാണ് യാഥാർഥ്യം. മുതിർന്ന നേതാക്കൾ പോലും മത്സരിക്കാൻ സന്നദ്ധരായില്ല എന്നത് ആ പാർട്ടിയുടെ ഭാവി എന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

അതെന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി സംബന്ധിച്ച ഒരുചൂണ്ടു പലകയാവും ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം എന്നതിൽ സംശയമില്ല. അവിടെ മമതയ്ക്ക് വലിയ ക്ഷീണം സംഭവിച്ചാൽ അത് ദേശീയതലത്തിലേക്കുള്ള അവരുടെ കടന്ന് വരവിന്റെ ആവേശം കുറയ്ക്കും, സംശയമില്ല. ബിജെപി കൂടുതൽ സീറ്റ് നേടിയാൽ, ഇപ്പോൾ പറയുന്നത് പോലെ രണ്ടാം പാർട്ടിയായി മാറുകയും മറ്റും ചെയ്താലും മമതയ്ക്ക് വലിയ ക്ഷീണമാവും ക്ഷീണമാവും. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ പിടിച്ചുകെട്ടാൻ തനിക്കെ കഴിയു എന്ന് പറയുന്നയാൾക്ക് സ്വന്തം തട്ടകത്തിൽ അതിന് സാധിക്കുന്നില്ലെന്ന് വന്നാലോ?. മാത്രമല്ല, ബംഗാളിൽ ബിജെപി അതി വേഗത്തിൽ വളരുകയും ചെയ്യുന്നു എന്നത് രാഷ്ട്രീയമായി പ്രധാനപ്പെട്ട സംഭവവികാസമാണല്ലോ. ബിജെപിയുടെ ഈ വളർച്ച അല്ലെങ്കിൽ വർധിച്ച ജനപിന്തുണ സിപിഎമ്മിനും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടാക്കുക. തൃപുരയിൽ ഉണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ബംഗാളിൽ തിരിച്ചുവരവ് നടത്തുന്നു എന്നതാണല്ലോ സീതാറാം യെച്ചൂരി മുതൽ കോടിയേരി ബാലകൃഷ്ണൻ വരെ പറഞ്ഞുകൊണ്ട് നടക്കുന്നത്. ഇത്തവണ ബിജെപിക്ക് വളരെ പിന്നിലേക്ക് അവിടെ സിപിഎം എത്തിപ്പെട്ടാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നത് അവർക്ക് തിരിച്ചറിയാൻ കഴിയും എന്നത് പറയേണ്ടതുമില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button