ArticleKeralaLatest NewsNews

യൂണിയന്‍ പ്രവര്‍ത്തനം കൊണ്ട് കേരളം നശിപ്പിക്കുന്നവര്‍ക്കെതിരെ ഒരു അമേരിക്കകാരന്റെ പ്രതിഷേധം(വീഡിയോ)

നോക്കുകൂലി അവസാനിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിനെ തന്നെ നാണം കെടുത്തുന്ന വന്‍ തിരിച്ചടികളാണ് ലഭിക്കുന്നത്. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച് സംസ്ഥാനത്ത് നോക്കുകൂലി വാങ്ങുന്നത് തുടരുകയാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ക്കാകട്ടെ ഒരു വിധത്തിലും രക്ഷയുണ്ടാകില്ല. തൊഴിലാളി യൂണിയനുകള്‍ നോക്കു കൂലി വാങ്ങുന്ന നിരവധി വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക ശേഷം പുറത്തെത്തി. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് തൊഴിലാളി സംഘടനകള്‍ നോക്കു കൂലി വാങ്ങുന്നത്.

ഇപ്പോള്‍ നോക്കുകൂലിയില്‍ വിദേശികളും പെട്ടിരിക്കുകയാണ്. കൊച്ചിയില്‍ എത്തിയ ഒരു അമേരിക്കകാരനാണ് നോക്കുകൂലിയില്‍ പെട്ടു പോയത്. ബിനാലെയ്ക്ക് എത്തിയതായിരുന്നു കലാകാരന്‍. ഭീമമായ നോക്ക് കൂലി യൂണിയന്‍കാര്‍ ആവശ്യപ്പെട്ടതോടെ തന്റെ കലാസൃഷ്ടികള്‍ അദ്ദേഹം എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലും ഇട്ടു. ഇത് കേരളത്തിലെ യൂണിയന്‍കാര്‍ക്കുള്ള ഒരു സാക്ഷ്യപത്രമാണ് എങ്ങനെയാണ് അവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിസിനസിനെ തകര്‍ക്കുന്നതെന്നുമുള്ള സാക്ഷ്യം എന്നാണ് സംഭവത്തെ കുറിച്ച് കലാകാരന്‍ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

നമ്മുടെ ഭരണാധികാരികള്‍ വരെ നാണിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍. വീഡിയോ കണ്ട ഒരാള്‍ക്കും തൊഴിലാളി യൂണിയനുകളെയോ അവരെ സംരക്ഷിക്കുന്നവരെയോ ന്യായീകരിക്കാനാവില്ല. നോക്കുകൂലി നല്‍കാത്തതിന് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിച്ചത് കൂടാതെയാണ് യൂണിയന്‍ സംഘടനകള്‍ ഇപ്പോള്‍ വിദേശികളെയും ബുദ്ധിമുട്ടിക്കുന്നത്. സ്വന്തം കലാ സൃഷ്ടികള്‍ എറിഞ്ഞ് ഉടയ്ക്കുന്നതിലേക്ക്ഒരു കലാകാരനെ നയിച്ചെങ്കില്‍ അത് എത്രമാത്രം സഹികെട്ടിട്ടായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളു.

നേരത്തെ നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്ക് ഇറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലിയായി യൂണിയന്‍കാര്‍ ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കൊടുക്കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാല്‍ലക്ഷം രൂപ ബലമായി പിടിച്ചുവാങ്ങി. ആറുമണിക്കൂര്‍ ലോറി തടഞ്ഞിട്ടു കരാറുകാരനെയും ജോലിക്കാരെയും അസഭ്യം വിളിച്ചും കയ്യേറ്റത്തിനു ശ്രമിച്ചും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച തൊഴിലാളികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിപരിശോധനയും നടത്തി. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകളുടെ നേതൃത്വത്തില്‍ ചാക്ക ബൈപ്പാസിലെ വീട്ടിലായിരുന്നു അതിക്രമം. സംഭവം വിവാദമായതോടെ പിന്നീട് പണം തിരികെ നല്‍കി.

മാത്രമല്ല നോക്കു കൂലി നല്‍കാത്തതിന് കുന്നം കുളത്ത് പ്രവാസിയുടെ കൈയും കാലും തല്ലിയൊടിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. സ്വന്തമായി പണിയുന്ന കെട്ടിടത്തിനായി ടിപ്പറില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെയായിരുന്നു 51കാരനായ രാജന് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. നോക്കുകൂലി ആവശ്യപ്പെട്ട് നല്‍കാതെ വന്നതോടെ രാജനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പിന്നീട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലും നോക്കുകൂലി വിവാദം ഉണ്ടായി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി തലപൊക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇപ്പോള്‍ വന്ന് വന്ന് വിദേശികള്‍ക്ക് നേരെയും തൊഴിലാളി സംഘടനകളുടെ അതിക്രമം ഉണ്ടാവുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിപ്പേരുള്ള കേരളത്തിലാണ് ഇതെന്ന് ഓര്‍ക്കണം.

അഥിതി ദേവോ ഭവ എന്നത് വേദവാക്യം പോലെ പിന്തുടരുന്നവരുമാണ് മലയാളികള്‍, എന്നാല്‍ തൊഴിലാളി യൂണിയനുകളിലെ ചിലര്‍ കേരള ജനതയ്ക്ക് മുഴുവനായും നാണക്കേടാവുകയാണ്. സ്വന്തം കലാസൃഷ്ടികള്‍ എറിഞ്ഞുടയ്ക്കാന്‍ ഒരാളെ പ്രേരിപ്പിച്ചെങ്കില്‍ അതിന് പിന്നില്‍ അദ്ദേഹം എത്രമാത്രം മനോവിഷമം അനുഭവിച്ചിട്ടുണ്ട് എന്ന് ചിന്തിക്കണം. അഥിതികളായി കരുതേണ്ടവരെ വെറുപ്പിക്കുകയാണ് ചിലര്‍. ഇത്രയും വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. ഇതാണ് നമ്മുടെ കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button