തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു. ഇനിമുതൽ കയറ്റിറക്കിന് അംഗീകാരമുള്ള തൊഴിലാളികളുടെ സേവനം ഉപയോഗിക്കണം. ഇവർക്കു സർക്കാർ നിശ്ചയിക്കുന്ന നിരക്കുമാത്രം നൽകിയാൽ മതി.
അതേസമയം, പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികൾക്കു വിദഗ്ധരായ തൊഴിലാളികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനും ഇനി സാധിക്കും.ചുമട്ടുതൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്.
നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞിരുന്നു. മെയ് ഒന്നുമുതൽ ഈ നിയമ നടപ്പിലാക്കും. അമിതമായി ഏതെങ്കിലും തൊഴിലാളികൾ പണം വാങ്ങിയാൽ തൊഴിൽ വകുപ്പിന് പരാതി നൽകാം. പരാതിപ്രകാരം പണം ഉടമയ്ക്ക് തിരികെ കൊടുപ്പിക്കുകയും ആ തൊഴിലാളിയുടെ റജിസ്ട്രേഷൻ കാർഡ് റദ്ദാക്കുകയും ചെയ്യും.
Post Your Comments