തിരുവനന്തപുരം: കേരളത്തിന് വിഷുക്കൈനീട്ടവുമായി കൃഷിവകുപ്പിന്‌റെ ആയിരത്തിലധികം പച്ചക്കറി ചന്തകള്‍. വിഷുക്കണി എന്ന പേരിലുള്ള 1105 ചന്തകള്‍ 13, 14 തീയതികളിലാണ് ആരംഭിക്കുക. വിപണിവിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വിഷുക്കണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. ഹോര്‍ട്ടി കോര്‍പ്പ് , കുടുംബശ്രീ, വിഎഫ്പിസികെ എന്നിവയുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
മികച്ച രീതിയില്‍ വിളയിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസസ് സര്‍ട്ടിഫിക്കേഷനോടുകൂടി കേരള ഓര്‍ഗാനിക്ക് ബ്രാന്‍ഡ് എന്ന പേരിലാണ് വിപണിയില്‍ ലഭ്യമാവുക. കര്‍ഷകരില്‍ നിന്നും 20 ശതമാനം അധിക വില നല്‍കി പച്ചക്കറികള്‍ സംഭരിച്ച ശേഷം 10 ശതമാനം വിലക്കുറവോടു കൂടിയാണ് ഉപഭോക്താക്കളിലേക്ക് എത്തുക. കേരളത്തിനു പുറത്തു നിന്നും വരുന്ന പച്ചക്കറികള്‍ക്ക് പ്രത്യേകം ലേബലും നല്‍കും. വിഷുച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ എറണാകുളം കാക്കനാട്ടുള്ള ഹോര്‍ട്ടികോര്‍പ്പിന്‌റെ സംഭരണകേന്ദ്രത്തില്‍ നിര്‍വഹിക്കും.
Post Your Comments