Latest NewsNewsIndia

കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവിന്റെ ഡിമാന്റ് കേട്ട് അമ്പരന്ന് വീട്ടുകാര്‍

ഹൈദരാബാദ്: എട്ട് വയസുകാരനെ വളരെ വിദഗ്ധമായി ഇരുപത്തിമൂന്നുകാരന്‍ സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്കിനെയാണ്  വംശി കൃഷ്ണ തട്ടിക്കൊണ്ട് പോയത്. റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിക്കുകയായിരുന്ന ചന്ദ്രുവിനെ സഹോദരന്മാരെയും സ്കൂള്‍ അധികൃതരെ തെറ്റിധരിപ്പിച്ച് ഇയാള്‍ കൂടെ കൂട്ടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെത്തിയ യുവാവ് ചന്ദ്രുവിന്റെ മുതിര്‍ന്ന സഹോദരങ്ങളോട് കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട് ചന്ദ്രുവിനെ ഒപ്പം കൂട്ടി സ്ഥലത്ത് നിന്ന് മുങ്ങി.

ഏറെ നേരം ഇവരെ കാത്ത് നിന്ന സഹോദരന്മാര്‍ തിരികെ സ്കൂളില്‍ എത്തി വിവരം അറിയിച്ചു. ഇതേ സമയമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയിയെന്ന് പറഞ്ഞ് വംശി ചന്ദ്രുവിന്റെ വീട്ടുകാരെ വിളിക്കുന്നതും. പൊലീസില്‍ വിവരമറിയിച്ചതോടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വംശി മഹാരാഷ്ട്രയിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ പൊലീസ് റെയില്‍ വേ പൊലീസിന് വിവരം നല്‍കിയതോടെ പൂനെയില്‍ വച്ച് ഇയാള്‍ പിടിയിലാവുകയായിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടു കൊടുക്കാന്‍ യുവാവ് മുന്നോട്ട് വച്ച ഡിമാന്റിന് മുന്നില്‍ വീട്ടുകാര്‍ അമ്പരന്നു. വന്‍തുകയോ സമ്പത്തോ ചോദിക്കാതെ തന്റെ കാമുകിയെ വിട്ടുനല്‍കണമെന്നായിരുന്നു യുവാവിന്റെ ഡിമാന്റ്.

ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്നും ഭീഷണി വന്നതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടതോടെ കുട്ടിയെ തിരികെ കിട്ടിയെങ്കിലും വിശദമായ ചോദ്യം ചെയ്യല്‍ പുറത്താക്കിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ചന്ദ്രുവിന്റെ അയല്‍ക്കാരനായ വംശിയും ചന്ദ്രുവിന്റെ പിതാവിന്റെ സഹോദരിയും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയം വീട്ടിലറിഞ്ഞതോടെ വംശിയെ പൊതുജന മധ്യത്തില്‍ ചന്ദ്രുവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. പൊതുജന മധ്യത്തിലുണ്ടായ അപമാനത്തിന് പ്രതികാരമായാണ് യുവാവ് കുട്ടിയെ അപഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button