KeralaLatest NewsNews

ഹര്‍ത്താല്‍ : ഉച്ചയ്ക്കു ശേഷം വാഹന ഗതാഗതം സാധാരണ നിലയില്‍ : ബസുകള്‍ ഓടിതുടങ്ങി

കോട്ടയം: ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതോടെ കെഎസ്ആര്‍ടിസി സാധാരണ നിലയില്‍ പല ഡിപ്പോകളിലും സര്‍വീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകള്‍ പോകുന്നതെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഇല്ല. എന്നാല്‍ ബസില്‍ യാത്രക്കാര്‍ വളരെ കുറവാണ്. രാവിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്താതിരുന്നതോടെ പലരും യാത്രകള്‍ മാറ്റിവച്ച് മടങ്ങിയിരുന്നു.

ഹര്‍ത്താലിനെ തുടര്‍ന്ന് പലയിടത്തും വിവിധ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിരുന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളും ഉണ്ടായി. തൃശൂരും കൊല്ലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയില്‍ വാഹനം തടയാന്‍ ശ്രമിച്ചതിന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തുടനീളം  കടകമ്പോളങ്ങള്‍  എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫലവത്തായില്ല. ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവായിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനവും താറുമാറായി.

ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചാല്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പ്രധാന സ്ഥലങ്ങളിലും നഗരങ്ങളിലുമെല്ലാം പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. രാവിലെ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതിനാല്‍ അവശ്യ സര്‍വീസുകളൊന്നും തടസപ്പെട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തി കുടുങ്ങിയവരെ പോലീസ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button