Latest NewsKeralaNews

ശ്രീജിത്തിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതായി സഹോദരന്‍

കൊച്ചി: വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം തന്റെ സഹോദരന് ഏല്‍ക്കേണ്ടി വന്നത് പൊലീസിന്റെ ക്രൂരമര്‍ദ്ദനമായിരുന്നുവെന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത്. വണ്ടിയിലും,സ്റ്റേഷനിലും വെച്ച് പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും രഞ്ജിത്ത് ആരോപിക്കുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുളം റേഞ്ച് ഐജി അറിയിച്ചു.

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്തിനെ മര്‍ദിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ
ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷന്‍ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.

വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനില്‍ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേെനാടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button