KeralaLatest NewsNews

നിബന്ധനകള്‍ പാലിക്കാത്ത നിരവധി അനാഥാലയങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: നിബന്ധനകള്‍ പാലിക്കാത്ത നിരവധി അനാഥാലയങ്ങള്‍ പൂട്ടിച്ചു. ബാലനീതി നിയമപ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത 1100 അനാഥാലയങ്ങളില്‍ 315 എണ്ണമാണ് പൂട്ടിച്ചത്. മലപ്പുറം ജില്ലയിലെ 113 സ്ഥാപനങ്ങളില്‍ 85 എണ്ണവും റജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെ 59ല്‍ 37 എണ്ണം പുതുക്കാന്‍ അപേക്ഷ നല്‍കി. ആലപ്പുഴയില്‍ 35ല്‍ 10 എണ്ണം പൂട്ടി. എറണാകുളത്തു 153 സ്ഥാപനങ്ങളാണുള്ളത്. 15 എണ്ണത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കി.

കോട്ടയത്ത് ആകെയുണ്ടായിരുന്ന 99ല്‍ നാല്‍പത് എണ്ണം പൂട്ടി. പത്തനംതിട്ടയില്‍ രണ്ട് അനാഥാലയങ്ങളാണ് അടച്ചത്. കാസര്‍കോട്ട് 39ല്‍ 20 എണ്ണം മാത്രമാണു റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവിടെ സമസ്ത നടത്തുന്ന 13 സ്ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 117ല്‍ റജിസ്‌ട്രേഷന് അപേക്ഷിച്ചത് 51 എണ്ണമാണ്. അതില്‍ 10ന് അംഗീകാരം നല്‍കി. അട്ടപ്പാടി മേഖലയിലെ 13 സ്ഥാപനങ്ങളില്‍ 12 എണ്ണവും റജിസ്‌ട്രേഷന് അപേക്ഷിച്ചിട്ടില്ല.

കോഴിക്കോട്ട് ഏഴ് അനാഥാലയങ്ങള്‍ പൂട്ടി. സംസ്ഥാനത്തെ ഇരുപതോളം അനാഥാലയങ്ങള്‍ വയോജന സംരക്ഷണ കേന്ദ്രങ്ങളായും ഭിന്നശേഷി സംരക്ഷണ കേന്ദ്രങ്ങളായും മാറ്റിയിട്ടുണ്ട്. ഏതാനും അനാഥാലയങ്ങള്‍ റജിസ്‌ട്രേഷന്‍ ഇതുവരെ പുതുക്കിയിട്ടില്ല. കേസ് സുപ്രീം കോടതി പത്തിനു പരിഗണിക്കും. മാര്‍ച്ച് 31 ആയിരുന്നു റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി. നിബന്ധനകള്‍ പാലിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് 315 അനാഥാലയങ്ങള്‍ക്ക് അടയ്ക്കാന്‍ അനുമതി നല്‍കിയത്.

ബാലനീതി നിയമപ്രകാരമുള്ള നിബന്ധനകള്‍

10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോലും പ്രത്യേക കെട്ടിടം വേണം (നേരത്തേ വേര്‍തിരിക്കപ്പെട്ട പ്രത്യേക വിഭാഗം വേണമെന്നായിരുന്നു വ്യവസ്ഥ)

കുട്ടിയെ അനാഥാലയത്തില്‍ നിന്നു പുറത്തുകൊണ്ടുപോകാനും തിരിച്ചെത്തിക്കാനും (വീട്ടിലേക്കോ ആശുപത്രിയിലേക്കോ ഉള്‍പ്പെടെ) ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുവാദം വാങ്ങണം

സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ അധികാരം ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അധ്യക്ഷനായ സമിതിക്ക്

ഡോക്ടര്‍മാര്‍ മുതല്‍ ട്രെയ്‌നര്‍മാര്‍ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളില്‍ ഒരുക്കണം

100 കുട്ടികളുള്ള സ്ഥാപനത്തില്‍ 24 ജീവനക്കാര്‍ വേണം

എട്ടു കുട്ടികള്‍ക്ക് ഒരു ശുചിമുറി വീതം വേണം

10 കുട്ടികള്‍ക്ക് ഒരു കുളിമുറി വീതം വേണം

ഒരു കുട്ടിക്കു 120 ചതുരശ്രഅടി സ്ഥലസൗകര്യം

യൂണിഫോം ഉള്‍പ്പെടെ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, രാത്രി ഉറങ്ങാന്‍ വസ്ത്രം. ആശുപത്രിയില്‍ പോകാന്‍ വേണ്ടിയുള്ള വസ്ത്രങ്ങള്‍

ഭക്ഷണത്തിനു പ്രത്യേക മെനു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button