കോവളം: കോവളം ബീച്ചില്‍ നിന്നും വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വ്യാഴാഴ്ച രാത്രി 8 മണിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നും ലിഗയെ കണ്ടുവെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദേശ ദമ്പതികള്‍. ഇന്നലെ ഉച്ചയോടെ കോവളത്തെത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഒട്ടിച്ചിരുന്ന നോട്ടീസ് ശ്രദ്ധയില്‍ പെട്ട യുവതിയാണ് രാമേശ്വരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയില്‍ ഉള്ള ലിഗയെ കണ്ടതായി ഹോട്ടലുകാരോട് പറഞ്ഞത്.
ഹോട്ടലുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോവളം പൊലീസെത്തി യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ലിഗയെ മുഷിഞ്ഞ വേഷത്തിലും ക്ഷീണിതയായ നിലയിലുമാണ് കണ്ടതെന്ന് യുവതി കോവളം പൊലീസിനോട് പറഞ്ഞു. വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഈ മാസം 14 നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ഐറിഷ് സ്വദേശിയായ ലിഗയെ കാണാതായത്. വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സഹോദരിയോടൊപ്പം എത്തിയതായിരുന്നു ലിഗ. കഴിഞ്ഞ ആഴ്ച മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘം കോവളത്ത് തിരച്ചില്‍ നടത്തിയിരുന്നു. കോവളത്ത് വച്ചാണ് ലിഗയെ അവസാനമായി കണ്ടത് എന്നത് വ്യക്തമായതിനെ തുടര്‍ന്നാണ് കടലില്‍ തിരച്ചില്‍ നടത്തിയത്.
Post Your Comments