KeralaLatest NewsNews

ആധാർ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും തിരിച്ചറിയാനും പരിഹരിക്കാനും ഉള്ള ഒറ്റമൂലിയാണ്‌ ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തോടു സുപ്രീം കോടതിക്കു വിയോജിപ്പ്‌. തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ആധാര്‍ പ്രയോജനപ്പെട്ടേക്കാം, എന്നാല്‍ ആധാര്‍ കൊണ്ട്‌ തട്ടിപ്പുകള്‍ തടയാനാകില്ല”- ആധാറിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയാനും സബ്‌സിഡികളും ആനുകൂല്യങ്ങളും അനര്‍ഹരുടെ കൈയിലെത്തുന്നതു നിയന്ത്രിക്കാനും ഈ ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ ഏറ്റവും പ്രയോജനകരമാണെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ വാദിച്ചിരുന്നു.ആധാര്‍ പദ്ധതിയുടെ ഭാഗമായി ഏതൊക്കെ ബയോമെട്രിക്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നു തീരുമാനിക്കുന്നതടക്കം സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്കു വലിയ അധികാരം നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.

ചില ബാങ്ക്‌ ഉദ്യോഗസ്‌ഥര്‍ തട്ടിപ്പുകാരുമായി കൈകോര്‍ക്കുന്നതാണു പ്രശ്‌നം. ആധാര്‍ കൊണ്ടൊന്നും അതു തടയാനാകില്ല- കോടതി പറഞ്ഞു.വജ്രവ്യാപാരികളായ നീരവ്‌ മോഡി, മെഹുല്‍ ചോക്‌സി, റോട്ടോമാക്‌ ഉടമ വിക്രം കോത്താരി, ആഭരണ കയറ്റുമതി വ്യവസായി ദ്വാരകാനാഥ്‌ സേത്ത്‌ തുടങ്ങിയവര്‍ നിരവധി ബാങ്കുകളെ കബളിപ്പിച്ച പശ്‌ചാത്തലത്തിലാണു സുപ്രീം കോടതിയുടെ നിരീക്ഷണം.

അതേസമയം, ആധാര്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതികള്‍ക്കു പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button