കുന്നംകുളം: ചൂണ്ടല്‍ പാടത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ പൊലീസ് ഞെട്ടി. ഡി.എന്‍.എ പരിശോധനാ ഫലത്തില്‍ കത്തികരിഞ്ഞ മൃതദേഹം പുരുഷന്റേതായി. . തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനാ ഫലത്തിലാണിത്. കേസ് അന്വേഷിക്കുന്ന കുന്നംകുളം പോലീസ് കൂടുതല്‍ ആശയക്കുഴപ്പത്തിലായി. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണെന്നും അത് ആത്മഹത്യചെയ്യാനാണ് സാധ്യതയെന്നുമായിരുന്നു കേസ് അന്വേഷിച്ചിരുന്ന സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തിയ അവസാന നിഗമനങ്ങള്‍. തൃശൂര്‍ റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര ഈ നിഗമനങ്ങള്‍ തള്ളിയിരുന്നു.
ഫെബ്രുവരി 17 നാണ് ചൂണ്ടല്‍ പാടത്തെ സ്വകാര്യ മരക്കമ്പനിക്കു പിറകുവശത്തെ വിശാലമായ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ആടിനെ മേയ്ക്കാന്‍ വന്ന സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടത്. പോലീസെത്തി നടത്തിയ പരിശോധനയില്‍ പിന്നീട് കത്തിക്കരിഞ്ഞ ഷര്‍ട്ടിന്റെ കൈഭാഗം ലഭിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സമീപസ്ഥലങ്ങളില്‍നിന്ന് വിവിധ സമയങ്ങളില്‍ കാണാതായവരെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കാണാതായ മൂന്നുപേരെയും പിന്നീട് കണ്ടെത്തിയതോടെ കേസ് അന്വേഷണം സ്ത്രീയുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധമായി. ഇതിനിടെയാണ് ഇന്നലെ ഡി.എന്‍.എ. പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗവും ആദ്യ പരിശോധനയില്‍ സ്ത്രീയുടേതാണെന്നാണ് സൂചനകള്‍ നല്‍കിയത്. തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലേക്ക് ആദ്യം അയച്ചുകൊടുത്തത് കത്തിക്കരിഞ്ഞ മൃതദേഹത്തില്‍നിന്ന് ലഭിച്ച പല്ലായിരുന്നു.
കൃത്യമായി നിഗമനങ്ങളില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹത്തിന്റെ കാലിലെ തള്ളവിരല്‍, കത്തിക്കരിഞ്ഞ മാംസഭാഗങ്ങള്‍ എന്നിവ അയച്ചുകൊടുത്തു. ഇവയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഡി.എന്‍.എ. പരിശോധനാ ഫലം മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസിന്റെ ആശയക്കുഴപ്പം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.
ഏത് പുരുഷന്റേതാണ് മൃതദേഹമെന്ന് ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ആരെയും കാണാതായുള്ള പരാതി പോലീസിന് ലഭിച്ചിട്ടില്ല.കൊല നടത്തിയശേഷം ചൂണ്ടല്‍ പാടത്ത് കൊണ്ടുവന്ന് കത്തിച്ചതാണെന്നും എന്നാല്‍ മറ്റൊരു സ്ഥലത്തുവച്ച് കത്തിച്ചശേഷം മൃതദേഹം ചൂണ്ടല്‍ പാടത്ത് കൊണ്ടുവന്ന് ഒരുതവണകൂടി കത്തിച്ചതാകാമെന്നും നിഗമനങ്ങളുണ്ട്. സ്ത്രീ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യചെയ്തതല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇനി കത്തിക്കാന്‍ ഉപയോഗിച്ച ഇന്ധനത്തിന്റെയുംകൂടി പരിശോധനാഫലം പുറത്തുവരാനുണ്ട്.
Post Your Comments