അധികാരമേറ്റെടുത്ത ശേഷം പിണറായി സര്‍ക്കാരിനെയും ഇടത് മുന്നണിയെയും ഏറ്റവുമധികം വെട്ടിലാക്കിയത് ഈ പഴയ വിദ്യാര്‍ഥി നേതാക്കളായ മാധ്യമപ്രവര്‍ത്തകരാണ്. ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിനിധീകരിക്കുന്ന എസ്‌എഫ്‌ഐ നേതാവായിരുന്ന ടി വി പ്രസാദും കെഎസ്‌യു നേതാവായിരുന്ന ജയ്‌സണ്‍ മണിയങ്ങാട്ടുകുടിയുമാണ് ഇവര്‍. കണ്ണൂർ സ്വദേശികളായ ഇരുവരും പഠിച്ചത് ഒരേ കോളേജിലുമാണ്. പയ്യന്നൂർ കോളേജിൽ പഠിച്ച ഇരുവർക്കും സമാനതകളേറെ. പ്രസാദ് എസ്‌എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായും ജയ്‌സണ്‍ കെ.എസ്.യു സംസ്ഥാന കമ്മറ്റി അംഗമായുമാണ് ഓരേ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
വലിയ ഇടവേളകളില്ലാതെയാണ് സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കിയ രണ്ട് വലിയ വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പുറത്തുവിട്ടത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രസാദിന്റെ റിപ്പോര്‍ട്ടുകളാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്. വയനാട്ടിലെ ഭൂമാഫിയയുമായി ബന്ധപ്പെട്ട ജയ്‌സണിന്റെ വാര്‍ത്തകളെത്തിയത് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെ രാജിയിലേക്കും ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥന്റെ സസ്‌പെന്‍ഷനിലേക്കുമാണ്. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുകൊടുക്കുന്ന ഭൂമാഫിയയെ തേടിയായിരുന്നു ജയ്‌സണിന്റെ യാത്ര.
ഈ വാര്‍ത്തകള്‍ പുറത്തുകൊണ്ട് വരാന്‍ ആള്‍മാറാട്ടം വരെ നടത്തേണ്ടിവന്നു. ഇടനിലക്കാരന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍, ഭരണകക്ഷിയുടെ നേതാക്കള്‍ എന്നിവര്‍ വരെയുള്ള ഈ റാക്കറ്റിലെ കണ്ണികളെ വെളിച്ചത്തുകൊണ്ട് വരാന്‍ ജയ്‌സണും സംഘത്തിനും കഠിനപ്രയത്‌നം തന്നെ വേണ്ടിവന്നു. ഏതാണ്ട് ഏഴ് മാസക്കാലത്തോളം താടി നീട്ടി വളര്‍ത്തിയാണ് ജെയ്‌സണ്‍ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്കെത്തിയത്. വാര്‍ത്തകള്‍ക്കായി പലതവണ സമീപിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകനെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആള്‍മാറാട്ടമെന്ന അവസാന അടവിലേക്ക് ജയ്‌സണ്‍ മാറിയത്.
കൃത്യമായ ആസൂത്രണമാണ് ഈ ഓപ്പറേഷന് വേണ്ടി ജെയ്‌സണ്‍ നടത്തിയത്. ഇടുക്കി സ്വദേശിയെന്നാണ് ആളുകള്‍ക്ക് മുന്നില്‍ ജെയ്‌സണ്‍ പരിചയപ്പെടുത്തിയത്. ഇതിന് വേണ്ടി ഒരു ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങി. ഇടനിലക്കാരില്‍ നിന്നാണ് റാക്കറ്റിലെ പ്രധാന കണ്ണിയായ സിപിഐ നേതാവ് വിജയന്‍ ചെറുകരയിലേക്കെത്തുന്നത്. വീട്ടിലെത്തി അദ്ദേഹവുമായി കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുന്നത് വരെ വിജയന്‍ ചെറുകരയുടെ പങ്ക് വിശ്വസിച്ചിരുന്നില്ലെന്ന് ജയ്‌സണ്‍ പറയുന്നു. പ്രസാദും ജയ്‌സണും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വലിയൊരു മാതൃകയാണ് തുറന്നിടുന്നത്. അധികാരത്തിന് മുന്നില്‍ മുട്ടുവിറക്കാതെ മുഖം നോക്കാതെ അഴിമതികളെ വിളിച്ചുപറയുകയാണ് ഇരുവരും ചെയ്തത്. ഈ വീര്യം ഇരുവര്‍ക്കും പകര്‍ന്നുനല്‍കിയത് പഴയ വിദ്യാർത്ഥി പ്രസ്ഥാന കാലഘട്ടം തന്നെയാണ്.
പോരാളികളുടെ ജില്ലയായി അറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശികളായ ഇവര്‍ വിദ്യാർത്ഥി സമരങ്ങളുടെ ഭാഗമായി ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നപ്പോഴും അനീതിക്കെതിരെ പ്രതികരിക്കുന്ന കാര്യത്തില്‍ പ്രസാദും ജയ്‌സണും ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. പ്രസാദ് ഇന്നും കുട്ടനാട്ടിലെ പല അഴിമതി കഥകളും പുറത്തു കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. വൈദീകന്റെ കർഷക ൽ വായ്‌പ്പാ തട്ടിപ്പ് ന്യൂസ് , മറ്റു പല അഴിമതികൾ എല്ലാം മുഖം നോക്കാതെ പുറത്തു കൊണ്ടുവന്ന പ്രസാദിന് ഇടക്ക് ഭീഷണികളും ഉണ്ടായിട്ടുണ്ട്.
Post Your Comments