KeralaLatest NewsNews

സ്വാശ്രയ പ്രവേശന ബിൽ നിയമസഭ പാസാക്കിയ വോട്ടെടുപ്പിൽ പങ്കെടുത്തെന്ന ആരോപണം തള്ളി വി.ടി. ബൽറാം

തിരുവനന്തപുരം: സ്വാശ്രയ പ്രവേശന ബിൽ നിയമസഭ പാസാക്കിയ വോട്ടെടുപ്പിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി വി.ടി. ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണം വോട്ടെടുപ്പ് വേളയിൽ സഭയിൽനിന്നു വിട്ടുനിൽക്കുകയുണ്ടായി. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീടു മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നുവെന്നും ബൽറാം വ്യക്തമാക്കി.

Read Also: ഭീകരര്‍ പിതാവിനെ വെടിവച്ച ശേഷം മകനെ തട്ടിക്കൊണ്ടുപോയി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

ഇന്നലെ സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽനിന്നു വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീടു മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്നു ബഹു. സ്പീക്കർ ക്രമപ്രശ്നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നതു കൊണ്ടു ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്കു കടക്കുന്നതിനു മുൻപു തന്നെ പുറത്തു പോവുകയാണു ചെയ്തത്.

നിയമനിർമാണ ചർച്ചകളിൽ അംഗങ്ങൾക്കു പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണു നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടെയും പൊതു സ്വഭാവം. പിന്നീടു വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ചു വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ടു ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണു ശരിയെന്നു ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്നു വിട്ടുനിന്നതും. പറയാനുള്ളതു പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ എംബരാസ്മെന്റ് സൃഷ്ടിക്കുന്നതു പാർലമെന്ററി രീതികൾക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ചു ശബ്ദവോട്ടോടെയാണു പിന്നീടു സഭ നിയമം പാസാക്കിയത്.

NB: ഞാൻ വോട്ടെടുപ്പിൽ പങ്കെടുത്തു എന്നും അനുകൂലിച്ചു വോട്ട് ചെയ്തു എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതും പലരും ഇൻബോക്സിൽ വന്നു ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നൽകുന്നു എന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button