ന്യൂഡല്‍ഹി: രാജ്യത്തെ അഭ്യസ്തവിദ്യരെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകബാങ്കും സ്റ്റാന്‍ഫഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പല വിവരങ്ങളും പുറത്തു വന്നത്. സാധാരണ കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന വലിയൊരുവിഭാഗം വിദ്യാര്‍ഥികള്‍ ജോലികള്‍ക്ക് യോഗ്യരല്ല. അവരെ വികസിതരാജ്യങ്ങളിലുള്ളവരുമായി താരതമ്യം ചെയ്യരുത്. ഇന്ത്യയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെക്കാള്‍ മികച്ചവരാണ് റഷ്യയിലെയും ചൈനയിലെയും എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ അയ്യായിരത്തോളം ഒന്നാംവര്‍ഷ, മൂന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥികളിലും സ്വകാര്യ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മുന്‍വിധിയോടെയല്ലാതെ തിരഞ്ഞെടുത്ത 200 പേരിലുമാണ് പഠനത്തിനാവശ്യമായ സര്‍വേ നടത്തിയത്. കൂടാതെ ചൈനയിലും റഷ്യയിലും സമാനമായ പഠനം നടത്തി.
പഠനത്തിന്റെ ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ചൈനയിലെയും റഷ്യയിലെയും എന്‍ജിനീയറിങ് വിദ്യാര്‍ഥികളെക്കാള്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ചില വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നുണ്ട്. എന്നാല്‍, പഠനം കഴിയുമ്പോള്‍ ചൈനയിലെയും റഷ്യയിലെയും വിദ്യാര്‍ഥികളാണ് മികച്ചവരായി പുറത്തിറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകബാങ്ക് പിന്തുണയുള്ള ടെക്നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാ(ടെക്വിപ്)മിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിക്കും.
Post Your Comments