Latest NewsKeralaNews

മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി എം.എല്‍.എ

മലപ്പുറം : സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരെ കെ.എം.ഷാജി എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു

ബഹു, തദ്ദേശ മന്ത്രി ജലീല്‍,
താങ്കള്‍ ഉദ്ധരിച്ച എന്റെ പ്രസംഗത്തില്‍ ഞാനൊരിക്കലും താങ്കളു ടെ പേര് പറഞ്ഞിട്ടില്ല.
പക്ഷേ ഞാന്‍ പറഞ്ഞ വാക്കുകള്‍ താങ്കളില്‍ എന്തോ ഉത്കണ്ഠ ജനിപ്പിക്കുന്നു എന്നാണ് മനസ്സിലാവുന്നത്.
മറിച്ചായിരുന്നെങ്കില്‍ താങ്കള്‍ നിയമത്തിന്റെ വഴിയില്‍ കേസ്സ് ഫയല്‍ ചെയ്യുകയായിരുന്നുവല്ലൊ ചെയ്യേണ്ടിയിരുന്നത്.

താങ്കളൊരു വാഹനത്തില്‍ സഞ്ചരിച്ചു. ആ വാഹനം ഒരു ബൈക്ക് യാത്രികനെ ഇടിച്ചു. ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ഇത്രയും താങ്കളും സമ്മതിച്ചല്ലോ.. ലീഗുകാരന്റെ തൊടിയില്‍ കാല്‍ തട്ടി വീണതടക്കം 44 തികക്കാന്‍ കിടന്നു മറിയുന്ന താങ്കള്‍ക്ക് എന്തേ കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്ത് എണ്ണിക്കൂടാ എന്നു മാത്രമാണ് ഞാന്‍ ചോദിച്ചത്.

ഒരു പഴയ സഹപ്രവര്‍ത്തകനെന്ന നിലയില്‍ അങ്ങ് ബോധപൂര്‍വ്വം മറന്ന ഒരു സംഭവം താങ്കളുടെ ഓര്‍മ്മയിലേക്ക് കൊണ്ട് വരിക മാത്രമാണ് ഞാന്‍ ചെയ്തത്.  താങ്കളുടെ കൊലപാതക ഗവേഷണ പഠനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ താങ്കളെ സഹായിക്കുകയാണ് മാത്രമാണ് ചെയ്തത്. താങ്കളത് പോസിറ്റീവായിട്ട് കാണുമെന്ന് ഞാന്‍ കരുതി.
എന്ത് ചെയ്യാം, ഈ റെഗുലര്‍ കോളേജിലൊന്നും പോവാത്തതിന്റെ കുഴപ്പമായിരിക്കാം. പ്രതീക്ഷകള്‍ക്കൊരു ഭാവനാ വിലാസം ഇല്ലാതെ പോകുന്നു.

2018 മാര്‍ച്ച് 7 ന് നിയമസഭയില്‍ കെ. എം. ഷാജി ഉന്നയിച്ച വാദങ്ങള്‍ മിനിസ്റ്റര്‍ കെ.ടി ജലീല്‍ ഒരു വട്ടം കൂടി കേള്‍ക്കണം. സഭയില്‍ ഞാന്‍ പ്രസംഗിച്ച് 5 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിമാന്റ് നോട്ടില്‍ താങ്കളും കൂട്ടാളികളും ഇത് സംബന്ധമായി പ്രസംഗിക്കുന്നത്. ഇങ്ങനെയുള്ള കള്ളക്കഥകള്‍ എഴുന്നുള്ളിക്കാന്‍ അത്രയും ദിവസത്തെ തയ്യാറെടുപ്പും ആസൂത്രണവും വേണ്ടി വന്നുവെന്ന് സാരം. എന്നിട്ടും പക്ഷേ, ഞാന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയാന്‍ താങ്കള്‍ക്കും താങ്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും സാധിച്ചില്ല.

സെല്‍ഫി എടുക്കാന്‍ വരുന്ന കുട്ടിയെ പോലും ഉള്‍ഭയം കൊണ്ട് കൊലയാളിയാണോ എന്ന് സംശയിക്കുന്ന മുഖ്യനെ കുറിച്ച്,

ജീവിക്കാനുള്ള സ്വാതന്ത്ര്യം അറുത്തില്ലാതാക്കി മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാരത്തെ കുറിച്ച് അപശബ്ദം പുറപ്പെടുവിക്കുന്ന ആ മാന്യന്റെ കാപട്യത്തെ കുറിച്ച്,

സി പി എം ദിനേനെ കൊന്നു തള്ളുന്ന സാധാരണക്കാരെ കുറിച്ച്,
പാലക്കാട്ടും കൊണ്ടോട്ടിയിലുമില്ലാത്ത കോണ്‍ഗ്രസ്സ് വിരുദ്ധതയും കൊണ്ട് ബി ജെ പി യെ സഹായിക്കുന്ന സി പി എമ്മിന്റെ ദേശീയ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച്,

ശംസുദ്ധീന്‍ പാലത്തിലിനോടും ശശികല യോടുമുള്ള ഇരട്ട സമീപനങ്ങളെ കുറിച്ച്, സംഘ് പരിവാറിനെതിരെയുള്ള കേസ്സുകള്‍ തളളിയതിനെക്കുറിച്ച്,

കേരളത്തെ വെല്ലുവിളിച്ച് മോഹന്‍ ഭാഗവത് നടത്തിയ താണ്ഡവങ്ങളെക്കുറിച്ച്, അവസാനം ജൗഹര്‍ മുനവ്വിറിനെതിരെയുള്ള കേസ്സടക്കം, സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ സമീപനങ്ങളെ കുറിച്ചെല്ലാം ഞാനുന്നയിച്ച നിരവധി ചോദ്യങ്ങളില്‍ ഒന്നിനു പോലും ഈ നിമിഷം വരെ സി പി എമ്മും താങ്കളും ഉത്തരം തന്നിട്ടില്ല.

ഇനി ജലീലിന്റെയും സി പി എമ്മിന്റെയും ഇരട്ടതാപ്പിലേക്ക് വരാം. നാദാപുരം , വടകര, പാനൂര്‍, തളിപറമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്നതാണ് ഞാനുയര്‍ത്തിയ ഒരു ഗുരുതര പ്രശ്‌നം. അതിന് ആ മണ്ഡലത്തിലെ ഇടത് എം.എല്‍എമാരോ ആഭ്യന്തര മന്ത്രിയോ ഇത് വരെ മറുപടി പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട ആ വിഷയത്തില്‍ പ്രതികരിക്കാന്‍ എന്തേ ഇവര്‍ക്ക് മടി?

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ അഗളി ഗ്രാമപഞ്ചായത്തിലെ മുക്കാലിയില്‍ മധു കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എന്താണ് ശരിയാക്കി കൊണ്ടിരിക്കുന്നത് എന്ന അന്വേഷണവും പ്രസക്തമാണ്. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ചുമതല വഹിക്കുന്ന മന്ത്രി ഉത്തരം പറയേണ്ട നിരവധി കാര്യങ്ങള്‍ അതിനകത്തുണ്ട്. അതിലേക്ക് ചര്‍ച്ച തുടര്‍ന്ന് വരാം.

‘കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് ബൈക്കിനിടിച്ച ജീപ്പിന്റെ ഡ്രൈവര്‍ ഞാനായിരുന്നില്ല’ എന്ന് പറയുന്നത് പോലെയാകില്ല മുസ്ലിം ലീഗിനെതിരെ ജലീല്‍ ഉന്നയിച്ച കൊലക്കുറ്റങ്ങളുടെ കാര്യങ്ങള്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ 44 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണത്തിന് തെളിവ് നല്‍കേണ്ടത് അദ്ദേഹം തന്നെയാണ്. രേഖകളുടെ പിന്‍ബലം ഇല്ലാതെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അത് സമര്‍ത്ഥിച്ചുണ്ടാക്കാന്‍ എത്ര പണിപ്പെട്ടാലും നടക്കില്ലെന്നതാണ് വാസ്തവം.

ഒരു കൊലപാതകം നടന്നാല്‍ അതില്‍ പൊലീസ് അന്വേഷണം നടത്തും. കുറ്റപത്രം ഉണ്ടാകും, കോടതിയില്‍ നിന്ന് വിധിന്യായം ഉണ്ടാകും. പിന്നീട് ആ കേസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രഥമ പിഗണന നല്‍കേണ്ടത് അതിലെ കണ്ടെത്തലുകള്‍ക്കും, വിധിന്യായങ്ങള്‍ക്കുമാണെന്ന് ഈ കോളേജ് അധ്യാപകനെ പറഞ്ഞ് പഠിപ്പിക്കേണ്ടതില്ലല്ലോ.

ചരിത്രം പറയുമ്പോള്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിവായി പരിഗണിക്കാവുന്നതാണ്. 1980കള്‍ക്ക് ശേഷവും നിരവധി പത്രങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍ ഒന്ന് രണ്ടെണ്ണം വൈരനിരാതന ബുദ്ധിയോടെ ലീഗ് വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കുന്നവരാണ്.  കേസ് ഏതായാലും ‘പ്രതികള്‍ ലീഗ് പ്രവര്‍ത്തകര്‍ ‘ എന്നെഴുതുന്ന ആ പത്രങ്ങളില്‍ വന്ന വാര്‍ത്ത മറ്റു പത്രങ്ങളില്‍ വന്നിട്ടുണ്ടാവില്ല.പൊലീസ് അന്വേഷണ റിപ്പോര്‍ട്ടുകളിലും അത്തരം പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടാവാന്‍ തരമില്ല. ദുര്‍ബലമായ ഫോട്ടോസ്റ്റാറ്റുകളുമായല്ല, വിശ്വസനീയമായ രേഖകളുമായാണ് ആരും ഒരു രാഷ്ട്രീയ സംവാദത്തിന് ഇറങ്ങേണ്ടത്. ആഭ്യന്തര മന്ത്രിയുടെ വാല്യക്കാരന്റെ പണിയെടുക്കുന്നയാള്‍ക്ക് രേഖകള്‍ സംഘടിപ്പിക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടാവില്ലല്ലോ.

ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നത് മുസ്ലിം ലീഗിന്റെ ശൈലിയല്ല. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തുന്നതും ലീഗിന്റെ രീതിയല്ല. കുഞ്ഞനന്തനും അശോകനും കാരായി കൂരായിയൊന്നും ലീഗിന്റേതായി ജയിലുകളില്ല. അത് പോലുള്ള ഒരൊറ്റ കേസ്സ് ലീഗിനെതിരെ ജലീല്‍ കാണിക്കട്ടെ.

സി.പി എം നടത്തിയ ആസൂത്രിത കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ ആണ് ഇപ്പോള്‍ ജലീല്‍ വിയര്‍ത്ത് അദ്ധ്വാനിക്കുന്നത്.

സി പി എം ആളുകളെ കൊല്ലുക മാത്രമല്ലല്ലോ ചെയ്യുന്നത് ജലീല്‍…
സാക്ഷികളായി പോലും മറ്റുള്ളവര്‍ വരാന്‍ മടിക്കുന്ന തരത്തില്‍ കൊന്നവനെ തന്നെ വീണ്ടും കൊല്ലുകയല്ലേ ചെയ്യുന്നത്.
പിശാച് പോലും നാണിക്കും വിധം മൃതശരീരത്തെ തന്നെ ഭീകരമായി വെട്ടി വെട്ടി അവസാനത്തെ അവയവവും വികൃതമാക്കുന്ന അറും കൊലകളല്ലേ താങ്കള്‍ കുഴലൂതുന്നവര്‍ നടത്തിയതത്രയും.

താങ്കളുടെ അളവ് കോല്‍ വെച്ച് ഇതൊക്കെയും ‘മോഡേണ്‍ സ്‌റ്റൈല്‍ മര്‍ഡറുകളാ’യിരിക്കും. ഇത് പറയുന്നതാണല്ലോ അവിടത്തേക്ക് ഇഷ്ടമില്ലാത്ത ‘കാടന്‍ സ്‌റ്റൈല്‍’.
സഖാവ് ജലീലിന്റെയും അദ്ദേഹത്തിന്റെ യജമാന സഖാക്കളുടേയും കണക്കില്‍ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം ‘ഞമ്മള്’ പേറുന്നതാവാം കാരണം.

പിന്നെ വിമര്‍ശനത്തില്‍ മാന്യത;

51 ഉം 37 ഉം വെട്ടുകള്‍ വെട്ടി കൊന്ന് തള്ളാനും ന്യൂനപക്ഷങ്ങളെ അരുകാക്കാനും അപരവല്കരില്‍ക്കാനും കാര്‍മികത്വം വഹിക്കുന്ന ‘സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ’ വിമര്‍ശിക്കുമ്പോള്‍ ഇപ്പോള്‍ കാണിക്കുന്നത് തന്നെ വലിയ മര്യാദ ആണ് മിസ്റ്റര്‍ ജലീല്‍.

എടയന്നൂരിലെ ശുഐബിനെ ഈ പരിഷ്‌കൃത സ്റ്റൈല്‍ വെച്ച് താങ്കളുടെ മോഡേണ്‍ മിശിഹകള്‍ കൊന്ന് കൊലവിളിച്ചതാണ് കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കിയത് എന്നത് പോലും തദ്ദേശ മന്ത്രി സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നതെന്തിന്..?

ശുഐബ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ലെന്ന് ഓര്‍ക്കണം. മണ്ണാര്‍ക്കാടും കുണ്ടൂരം നൂറ് വട്ടം ആവര്‍ത്തിക്കുന്ന താങ്കളുടെ നാവിലേക്ക് ഒരൊറ്റ തവണ പോലും മതസംഘടനാ രംഗത്ത് അതേ ആശയമുള്‍കൊള്ളുന്ന ആ ചെറുപ്പക്കാരന്‍ കടന്ന് വരാത്തത് എന്ത് കൊണ്ടാണ്?

കയ്യിലുള്ള 44 ‘മഹാ കൊല’കളുടെ വ്യാജ വാറോലകള്‍ എത്ര തന്നെ പെരുമ്പറ കൊട്ടിയാഘോഷിച്ചാലും സി പി എം അതിനിഷ്ഠൂരമായി നടത്തിയ ഒരു കൊലപാതകവും മലയാളി മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ താങ്കള്‍ക്കാവില്ല ജലീല്‍… മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത സി.പി.എം കാപാലികര്‍ നടത്തിയ ആ കൊടും ക്രൂരതകള്‍ ന്യായീകരണ വിദൂഷകനായ താങ്കളുടെ അളവ് സാമഗ്രിയില്‍ മാത്രമേ ശരിയാകുന്നുള്ളൂ.

സി പി എമ്മിനോട് :
ലീഗിനെ തെറി പറയാനും യു ഡി എഫിനെ അധിക്ഷേപിക്കാനും വേണ്ടി മാത്രമാണ് കെ ടി ജലീലിന് നോക്ക് കൂലി നല്‍കി നിങ്ങള്‍ നിര്‍ത്തിയിട്ടുള്ളതെന്ന് അറിയാം. മറ്റൊന്നിനും ഈ മാന്യദേഹം കൊള്ളില്ലെന്ന് നിങ്ങളുടെ തന്നെ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ വിലയിരുത്തിയിട്ടും ജലീല്‍ പിടിച്ച് നില്‍ക്കുന്നത് ഈയൊരറ്റ പിടിവള്ളിയിലാണെന്നുമറിയാം.

യു ഡി എഫുകാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി പി എമ്മിനകത്ത് കൊള്ളാവുന്ന സാമാജിക നോ, വ്യക്തിയോ ഇല്ലെന്നതിന്റെ തെളിവായേ ജനങ്ങളിത് പരിഗണിക്കുന്നുള്ളൂ.

നിങ്ങളോര്‍ക്കേണ്ട കാര്യം, ലീഗില്‍ നിന്ന് ജലീല്‍ സി പി എമ്മിലേക്ക് വന്നത് പോലെയല്ല, തികച്ചും മാന്യമായാണ് മഞ്ഞളാംകുഴി അലി ലീഗിലേക്ക് വന്നത്.
എന്നാലിതു വരെ മഞ്ഞളാംകുഴി അലിയെ മുസ്ലിം ലീഗ് ഒരിക്കലും സി പി എമ്മിനെതിരെയുള്ള തുറുപ്പ് ചീട്ടായി ഒരിടത്തുമയോഗിച്ചിട്ടില്ല. ഇടതുപക്ഷത്തെ തറ പറ്റിക്കാന്‍ പോന്ന ആണ്‍പിള്ളേര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നേരത്തേ തന്നെ നിരവധിയുണ്ട്. ഇനി അലി സാഹിബ് അങ്ങനെ പറയാന്‍ വേണ്ടി മാത്രമുള്ള ഒരാളായി സ്വയം ചുരുങ്ങാറുമില്ല. കാരണം അദ്ദേഹം ലാഭ നഷ്ടങ്ങള്‍ക്കുമപ്പുറം മാന്യതയും അന്തസ്സും കാത്ത് സൂക്ഷിക്കുന്ന നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ്.
ആ ഒരു ന്യൂനതയാണ് ജലീലിന്റെ പ്രശ്‌നവും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇത് തിരിച്ചറിയുന്നത് മാന്യമായ ഒരു രാഷട്രീയ രീതിക്ക് ഗുണകരമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button