Latest NewsNewsInternational

ഇന്ത്യന്‍ പതാക ഉയര്‍ന്നു; കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

ക്വീന്‍സ്ലന്‍ഡ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. 15 വരെ നീണ്ടുനില്‍ക്കുന്ന് ഗെയിംസിന്റെ ഉദ്ഘാടനം മാത്രമാണ് നാളെ നടക്കുന്നത്. മത്സരങ്ങള്‍ അഞ്ചിനു മാത്രമേ ആരംഭിക്കുകയുള്ളൂ. ഗെയിംസ് വില്ലേജിലാണ് ഇന്നലെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോം, ജൂനിയര്‍ ലോകറെക്കോഡുടമ നീരജ് ചോപ്ര, ബോക്സിങ് താരങ്ങള്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇറങ്ങുന്നത്. 115 പുരുഷന്മാരും 105 വനിതകളുമടങ്ങുന്ന 220 അംഗ സംഘത്തെയാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ മെഡലിനു വേണ്ടി പോരാടുന്നത്. 28 അംഗ അത്ലറ്റിക് സംഘത്തില്‍ 10 മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.

ബാഡ്മിന്റണില്‍ പി.വി. സിന്ധു, സൈനാ നെഹ്വാള്‍, കെ. ശ്രീകാന്ത്, ഗുസ്തിയില്‍ സാക്ഷി മാലിക്, അത്ലറ്റിക്സില്‍ നീരജ് ചോപ്ര, വി. നീന, നയനാ ജയിംസ്, ബോക്സിങ്ങില്‍ മേരി കോം, വികാസ് കൃഷ്ണന്‍, ഷൂട്ടിങ്ങില്‍ ജിതു റായി, മെഹുലി ഘോഷ്, ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി കളിക്കാനിറങ്ങുന്നത്.

ആദ്യദിനം ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, ഹോക്കി, ലോണ്‍ ബോള്‍, നെറ്റ്ബോള്‍ സ്‌ക്വാഷ്, നീന്തല്‍, ജിംനാസ്റ്റിക്സ്, ടേബിള്‍ ടെന്നീസ്, ട്രയാത്തലണ്‍, ഭാരോദ്വഹനം എന്നിവയാണ് നടക്കുന്നത്. 19 സ്വര്‍ണ ജേതാക്കളെ ആദ്യ ദിനം അറിയാം. എട്ടു മുതലാണ് ഏവരും ഉറ്റുനോക്കുന്ന അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button