പട്ടികജാതി-വര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി വിധിക്കെതിരേ തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനംചെയ്ത ‘ഭാരത ബന്ദ്’ ആക്രമണോത്സുക സ്വഭാവമാണ് പുലര്‍ത്തിയത്. എസ്.സി., എസ്.ടി. നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് മാര്‍ച്ച് 20-ന് ഇറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിനിടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും പോലീസും ബന്ദനുകൂലികളും ഏറ്റമുട്ടി. പട്ടികജാതി-വര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു വിധിയിലെ പ്രധാന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പരാതിയെങ്കില്‍, നിയമനഅധികാരിയില്‍നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ. സര്‍ക്കാരുദ്യോസ്ഥരല്ലെങ്കില്‍, അറസ്റ്റിന് ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ജാമ്യവും നല്‍കാം.
പട്ടികജാതി-വര്‍ഗ (പീഡനം തടയല്‍) നിയമം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം നിരപരാധികളെ കുറ്റക്കാരാക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമാകരുതെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ ലഘൂകരണം ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനം. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ കാലങ്ങളായി വര്‍ധിച്ചതിനെക്കുറിച്ചും അത്തരം കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണെന്നതും കേന്ദ്രം സുപ്രീംകോടതിയെ വേണ്ടവിധം അറിയിച്ചിരുന്നെങ്കില്‍ കോടതി മറ്റൊരു നിഗമനത്തില്‍ എത്തിയിരുന്നേനെയെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാരത് ബന്ദ് നടത്തിയത്. വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കി. മാര്‍ച്ച് 20-ന്റെ സുപ്രീംകോടതി വിധി ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹികനീതി മന്ത്രാലയത്തിന്റെ ഹര്‍ജി.
എന്നാല്‍ ഈ വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യത്തിനു ഉപയോഗിക്കുകയാണ്. ബിജെപിയ്ക്ക് മേല്‍ അനാവശ്യമായ ദളിത് വിരുദ്ധത അടിച്ചേല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം ഈ ബന്ദിന് പിന്തുണ അറിയിച്ചും പ്രതിഷേധങ്ങളെ അഭിനന്ദിച്ചും രംഗത്ത് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നത് ദളിതുകളെ ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തുക എന്നത് ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും ഡിഎന്‍എയില്‍ ലയിച്ച് ചേര്‍ന്നിട്ടുള്ളതാണ്. അതാണ് അവര്‍ എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്നതെന്നാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ട്. ഭാരതത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുന്ന പ്രസിഡന്റ് ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. കൂടാതെ നമ്മുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന നരേന്ദ്ര മോഡിയും സവര്‍ണനല്ല. അപ്പോള്‍ പിന്നെ എങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ദളിത് വിരുദ്ധ സര്‍ക്കാര്‍ ആകും!!
ബിജെപിയെയും ആര്‍ എസ് എസ്സിനെയും തകര്‍ക്കാന്‍ ജാതി വര്‍ഗ്ഗീയ ധ്രുവീകരണത്തിനു വഴി ഒരുക്കുകയും ബിജെപി ഒരു ദളിത് വിരുദ്ധ പ്രസ്ഥാനമാണെന്ന് വരുത്തി തീര്‍ക്കേണ്ടതും ആര്‍ക്കാണ് ആവശ്യമെന്ന് ചിന്തിച്ചു നോക്കൂ. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭാരതത്തിന്റെ അഭിമാനം കാത്ത് സംരക്ഷിക്കുന്ന വിധത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ജനക്ഷേമകരമായ പ്രവര്‍ത്തിയിലൂടെ മികച്ച സര്‍ക്കാര്‍ എന്ന് അഭിപ്രായം നേടിയെടുത്ത സര്‍ക്കാരിനെ തകര്‍ക്കാന്‍, അവരുടെ സത്പേരില്‍ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ചെന്നായ്ക്കള്‍ അല്ലെ ഇതിനു പിന്നില്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആകെ രണ്ടു ദളിത് പ്രസിഡന്റ്മാര്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഒരാള്‍ രാം നാഥ് കോവിന്ദ്. ദളിത് വിരുദ്ധനാണെങ്കില്‍ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പ്രസിഡന്റ് പദം ദളിതന് കൊടുക്കുമായിരുന്നോ? ഇതൊന്നും മനസിലാക്കാന്‍ കഴിവില്ലാത്തവരല്ല ഇന്ത്യന്‍ ജനത. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയത വളര്‍ത്തി, ജാതി -മത വിവേചനത്തിലൂടെ പ്രീണിപ്പിച്ചും ഭിന്നിപ്പിച്ചും അധികാരം നേടുന്ന കുബുദ്ധികളെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും.
പ്രക്ഷോഭങ്ങളും കലാപങ്ങളും ഉണ്ടാകുന്നതുവരെ ദളിത് സ്നേഹം കോണ്‍ഗ്രസുകാര്‍ക്ക് പുറത്തു വരാത്തത് എന്താണ്? സുപ്രീംകോടതി വിധിയെ കേന്ദ്രസര്‍ക്കാരിനെതിരായ സമരമാക്കിത്തീര്‍ക്കാന്‍ ഭാരത് ബന്ദില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ അധികാര ലക്‌ഷ്യത്തിനായി ഏതു നീച വഴിയും തേടുന്ന അധികാര മോഹികള്‍ തന്നെയല്ലേ. ഭാരത്തിന്റെ അഭിമാനത്തിനും ജനങ്ങളുടെ ജീവനും പുല്ല് വില കല്‍പ്പിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി അവര തന്നെ വില്‍ക്കുകയും ചെയ്യുന്ന ഈ കുബുദ്ധികളെ ജനം തിരിച്ചറിയുക തന്നെ ചെയ്യും. യാഥാര്‍ത്ഥ്യം മറ്റൊന്നായിരിക്കെ മനപ്പൂര്‍വം നടത്തുന്ന വ്യാജ പ്രചരണങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും സര്‍ക്കാരിനെതിരെ തിരിയ്ക്കുകയും അതിലൂടെ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളെ പൊതു സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. രാജ്യത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാത്ത, രാജ്യത്തെ ഒറ്റി കൊടുക്കുന്ന അധികാര മോഹികള്‍ക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകും. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ജനങ്ങളെ തിരിക്കാന്‍ നടത്തുന്ന ദളിത് പ്രക്ഷോഭങ്ങളുടെ സത്യാവസ്ഥ ഉടന്‍ മറനീക്കി പുറത്തു വരും. അപ്പോഴും കപട ചിരിയുമായി മറ്റൊരു വ്യാജ വാര്‍ത്തയുണ്ടാക്കി ന്യൂനപക്ഷ പ്രീണനം മോദിയുടെയും ബിജെപിയും തലയില്‍ വച്ചുകെട്ടാനുള്ള ശ്രമവുമായി ഈ അല്പബുദ്ധികള്‍ പ്രവര്‍ത്തിക്കും എന്നതില്‍ സംശയമില്ല.
Post Your Comments