
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ അനധികൃതമായി ടെലിവിഷന്‍ സ്ഥാപിച്ചു. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് അധികൃതര്‍ അറിയാതെ പഴയ മോഡല്‍ ടിവി സ്ഥാപിച്ചത്. സംഭവമറിഞ്ഞ ജയില്‍ സൂപ്രണ്ട് ടിവി പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
നാലുദിവസം മുമ്പാണ് പഴയ മോഡലിലുള്ള പുത്തന്‍ ടിവി പ്രത്യേക തരത്തില്‍ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. അന്നു തന്നെ സ്ഥാപിക്കുകയും ചെയ്തു. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പെട്ടി തുറന്നുനോക്കാതെ കടത്തിവിടുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നാണ് വിവരം.
also read: വധശിക്ഷ കാത്ത് സൈനികന്, 27 വര്‍ഷമായി ജയിലില്‍ തന്നെ
തടവുകാര്‍ സ്വന്തം പണം ശേഖരിച്ചാണ് ടി.വി. വാങ്ങിയതെന്നു പറയുന്നു. തടവുകാരുടെ വേതനത്തിലെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതില്‍ നിന്നുള്ള പണം പുറത്തുനിന്നുള്ള ആരോ ശേഖരിച്ച് ടി.വി. വാങ്ങിനല്‍കുകയായിരുന്നു. സംഭവം ജയില്‍ ഡി.ഐ.ജി.യുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് ഒന്നരമുതല്‍ രണ്ടരവരെയുള്ള സമയത്തായിരിക്കാം ടി.വി. കടത്തിയതെന്നാണ് സംശയം. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലില്‍ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയില്‍ സാധനങ്ങള്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയിലാണ് ടി.വി. കടത്തിയതെന്നാണ് സംശയം.
ടി.വി.ക്കുള്ളില് ലഹരിവസ്തുക്കള്‍ പോലുള്ള സാധനങ്ങളും കടത്തിയതായി ആരോപണമുണ്ട്. നിലവില്‍ മാര്‍ക്കറ്റിലുള്ള എല്‍സിഡി, എല്‍ഇഡി ടിവികള്‍ക്കു പകരം വലിപ്പമുള്ള ടിവി വാങ്ങിയത് ഈ ഉദ്ദേശ്യത്തോടെയാണെന്നാണ് സംശയം.
Post Your Comments