ന്യൂഡല്‍ഹി: അച്ചടിച്ച ചോദ്യക്കടലാസുകള്‍ പരീക്ഷാഹാളില്‍ വിതരണം ചെയ്യുന്നതിനുപകരം പരീക്ഷാഹാളില്‍ വെച്ച് ചോദ്യക്കടലാസ് അച്ചടിക്കുന്ന രീതിയിലേക്ക് സി.ബി.എസ്.ഇ. മാറുന്നു. പരീക്ഷ ആരംഭിക്കുന്നതിന് നിശ്ചിതസമയം മുന്‍പ് അപ്ലോഡ് ചെയ്യപ്പെടുന്ന ചോദ്യക്കടലാസ് പരീക്ഷാസെന്ററില്വെച്ച് ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം. സിപ്പ് ഫയലായാണ് ചോദ്യക്കടലാസ് അയക്കുക. സി.ബി.എസ്.ഇ. മേഖലാകേന്ദ്രത്തില്നിന്ന് നല്കുന്ന പാസ്വേഡ് ഉപയോഗിച്ചേ ഈ ഫയല്‍ തുറക്കാന്കഴിയൂ. പിന്നീട്, പരീക്ഷാഹാളില്‍ സജ്ജീകരിച്ച പ്രിന്ററില്‍ ആവശ്യമായത്ര പ്രിന്റെടുക്കും.
അടുത്തിടെയുണ്ടായ ചോദ്യക്കടലാസ് ചോര്‍ച്ചയുടെ വെളിച്ചത്തിലാണ് പുതിയ രീതി പരീക്ഷിക്കുന്നത്. ഡല്‍ഹി മേഖലയില്‍ തിങ്കളാഴ്ച നടക്കുന്ന പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകളില്‍ പരിഷ്കാരം നടപ്പില്‍വരും. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തവണ പഴയരീതിയില്‍ തന്നെയാവും പരീക്ഷ. കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സര്‍വകലാശാല (കുഹാസ്) നടത്തുന്ന പൊതുപരീക്ഷകളിലെല്ലാം ഈരീതിയില്‍ പരീക്ഷാകേന്ദ്രത്തില്‍ തന്നെയാണ് ചോദ്യക്കടലാസ് അച്ചടിക്കുന്നത്. ചോദ്യക്കടലാസ് പ്രിന്റ് എടുക്കുന്നതിന് ഉത്തരവാദപ്പെട്ട അധ്യാപകരും ജീവനക്കാരും രാവിലെ ഏഴരയ്ക്ക് മുന്‍പായി പരീക്ഷാകേന്ദ്രത്തിലെത്തണം.
ഒരു പരീക്ഷാര്‍ഥിക്ക് പത്ത് എഫോര്‍ ഷീറ്റ് എന്ന അനുപാതത്തില്‍ ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും ഒരുക്കേണ്ടത് ഈ അധ്യാപകന്റെ ഉത്തരവാദിത്വമാണ്. നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ഇല്ലെങ്കില്‍ പുറമേനിന്ന് വാടകയ്ക്കെടുത്ത് ഉപയോഗിക്കേണ്ടതാണ്. ഇതിനുള്ള ചെലവ് പിന്നീട് ബോര്‍ഡ് അനുവദിക്കും. ചോദ്യക്കടലാസ് അച്ചടിക്കേണ്ട പരീക്ഷാകേന്ദ്രത്തിലെ മുറിക്കുണ്ടാകേണ്ട മാനദണ്ഡവും സുരക്ഷയും, ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടായിരിക്കേണ്ട വേഗം, ബദലായി ഇന്റര്‍നെറ്റ് ഡോങ്കിള്‍ ഒരുക്കല്‍, സാധ്യമെങ്കില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കല്‍, ഗുണമേന്മയേറിയതും വേഗമേറിയതുമായ പ്രിന്ററുകള്‍, ഫോട്ടോകോപ്പി മെഷീന് സ്ഥാപിക്കല്‍ എന്നിവയെല്ലാം വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. പുതിയരീതി നടപ്പാക്കുന്ന ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രങ്ങളുടെ സൂപ്രണ്ടുമാര്‍ക്ക് വിശദമായ വിജ്ഞാപനം സി.ബി.എസ്.ഇ. അയച്ചിട്ടുണ്ട്.
Post Your Comments