ജൊഹാനസ്ബർഗ് ; വർണവിവേചനത്തിനെതിരെ പോരാടിയ ധീരവനിതയും ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. ദീർഘകാലമായി തുടരുന്ന അസുഖത്തെ തുടർന്നാണ് മരണമെന്ന് കുടുംബ വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മരണസമയം കുടുംബാംഗങ്ങൾ സമീപത്തുണ്ടായിരുന്നു. ഈ വർഷം ആദ്യം മുതൽ നിരന്തരം വിന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ മണ്ഡേലയോടൊപ്പം ഉറച്ചുനിന്ന വിന്നിയെ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്. 1996ലാണ് ഇരുവരും വിവാഹമോചിതരായത്. എന്നാൽ പേരിന്റെ അറ്റത്തുള്ള മണ്ടേല വിട്ടുകളയാൻ അവർ ഒരുക്കമായിരുന്നില്ല. മോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു.
1936ൽ ഈസ്റ്റേൺ കേപ്പിലായിരുന്നു ജനനം. സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടുപോകവെ, 22 വയസ്സുള്ളപ്പോഴാണു നെൽസൺ മണ്ടേലയെ വിനി കണ്ടുമുട്ടുന്നത്. 1958ൽ ഇരുവരും വിവാഹിതരായി. ശേഷം അധികം വൈകാതെ നെൽസൺ മണ്ടേല ഒളിവിൽ പോകുകയും പിന്നീടു പിടിയിലാവുകയും ചെയ്തു. അദ്ദേഹം ജയിലിൽ കഴിഞ്ഞ 27 വർഷക്കാലം വിന്നിയാണ് രണ്ടു മക്കളെ വളർത്തുന്നതിനൊപ്പം വർണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയത്.
ALSO READ ;കുഞ്ഞിന് കറുത്ത നിറം; വെളുക്കാനായി അമ്മ ചെയ്‌ത ക്രൂരത ഇങ്ങനെ
Post Your Comments