അബുദാബി: തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി യുഎഇ തൊഴില്‍ മന്ത്രാലയം താത്കാലികമായി നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധമാക്കിയ നടപടിയ്‌ക്കെതിരെ മുന്നേ പരാതികൾ ഉയർന്നിരുന്നു.
ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം യുഎഇ തൊഴില്‍ മന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ ഈയൊരു നോട്ടീസ് ഉണ്ടാകുന്നത് വരെ എല്ലാ രാജ്യക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവുണ്ടാകും. ഇന്ന് മുതല്‍ തസ്ജീല്‍ അടക്കം വിസാ സേവന കേന്ദ്രങ്ങളുടെയും ടൈപ്പിങ് സെന്ററുകളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും മാറ്റിയിട്ടുണ്ട്.
യുഎഇയില്‍ എവിടെയും തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ മാതൃരാജ്യത്തു നിന്നോ അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നതായിരുന്നു കഴിഞ്ഞ ഫെബ്രുവരി മുതല്‍ നടപ്പിലാക്കിയ നിയമം. അതിനു ശേഷം സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് വിസ നല്‍കിയിരുന്നില്ല. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അത് ലഭിക്കുന്ന രാജ്യത്തെ യു.എ.ഇ നയതന്ത്രകാര്യാലയങ്ങളില്‍ നിന്നോ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തില്‍ നിന്നോ സാക്ഷ്യപ്പെടുത്തണമെന്നും നിബന്ധനയുണ്ടായിരുന്നു.
തൊഴില്‍ വിസയ്ക്കു മാത്രമായിരുന്നു ഈ നിയമം ബാധകം. തൊഴില്‍ തേടുന്നയാളുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് ആശ്രിതര്‍ക്കോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ എന്നിവയില്‍ എത്തുന്നവരെയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ജോലി മാറ്റത്തിനും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നില്ല. പ്രവാസികള്‍ക്കിടയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സഹാചര്യത്തിലും സ്വന്തം നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കി ഗള്‍ഫ് നാടുകളിലേക്ക് രക്ഷപ്പെടുന്ന പശ്ചാത്തലത്തിലുമായിരുന്നു പുതിയ നിയമം യു.എ.ഇ നടപ്പാക്കിയത്. ക്രിമിനലുകള്‍ രാജ്യത്തേക്ക് കടന്നുവരുന്നത് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
Post Your Comments