ദുബായ് : മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുമെന്ന് മുന്നറിയിപ്പ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ബാഗേജ് നിശ്ചിത അളവില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 45 ദിര്‍ഹം ഈടാക്കും. 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമാണ് ബാഗേജുകളുടെ കുറഞ്ഞ വലുപ്പം.
ബാഗേജിന്റെ ഏതെങ്കിലും ഒരു ഭാഗം 75 സെന്റീമീറ്ററില്‍ കൂടാനോ ചുറ്റളവ് പരമാവധി 158 സെന്റിമീറ്ററില്‍ കൂടാനോ പാടില്ല. നിശ്ചിത അളവുണ്ടെങ്കിലും ഭാരം രണ്ടു കിലോയില്‍ കുറവാണെങ്കിലും പിഴ ചുമത്തും. ഉരുണ്ട ബാഗേജുകള്‍ പാടില്ല. ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണം. 43 ഇഞ്ച് വരെ വലിപ്പമുള്ള എല്ലാ തരം ടിവികള്‍ക്കും 45 ദിര്‍ഹം വീതം ഈടാക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും മാത്രമാണ് നിയമം കര്‍ശനമാക്കിയത്.
ബാഗേജ് ശ്രദ്ധിക്കാം ചില പൊതുകാര്യങ്ങള്‍
സ്വകാര്യ വസ്തുക്കള്‍ ഹാന്‍ഡ് ലഗേജില്‍ തന്നെ സൂക്ഷിക്കുക.
എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്ന സ്ഥലത്ത് ലാപ്‌ടോപ്പ് സൂക്ഷിക്കുക. സുരക്ഷാ പരിശോധന സമയത്ത് പ്രത്യേക ട്രേ ലാപ് ടോപ് പരിശോധനയ്ക്കായി ലഭിക്കും.
എപ്പോഴും യാത്രയ്ക്ക് പോകുമ്പോള്‍ പഴയ ബാഗേജ് ടാഗുകള്‍ നീക്കം ചെയ്യുക. വിവിധ ബാഗേജ് ടാഗുകള്‍ കണ്ടാല്‍ ഒരു പക്ഷേ, ബാഗേജ് സിസ്റ്റം നിങ്ങളുടെ ലഗേജ് നിരാകരിക്കും.
കഴിയുന്നതും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇത്തരം ലഗേജുകള്‍ കൈകൊണ്ടാണ് പരിശോധിക്കുക. അതിനാല്‍ തന്നെ കൂടുതല്‍ സമയമെടുക്കും. കൂടാതെ, ഇത്തരം കാര്‍ബോര്‍ഡ് പെട്ടികള്‍ക്ക് ഉറപ്പും കുറവായിരിക്കും.
ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറക്കരുത്.
Post Your Comments