Latest NewsNews

ഇന്ത്യൻ തത്വചിന്തയിലേക്ക് മടങ്ങാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയുമോ ?

പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന സ്വാഗതം ചെയ്യപ്പെടേണ്ടത്  മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

” ഇന്ത്യൻ തത്വചിന്തക്ക് അനുസരിച്ച് മാർക്സിസം നടപ്പിലാക്കാൻ ശ്രമിക്കാത്തതാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിപുലമാവുന്നതിന് തടസ്സമായതെന്ന് ” മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇന്ന് കണ്ട ഒരു വാർത്തയാണ്. സിപിഐ സംഘടിപ്പിച്ച ഒരു സെമിനാറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സാക്ഷിനിർത്തിക്കൊണ്ട് പന്ന്യൻ ഇത്തരമൊരു സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു മുൻപും ഇത്തരം ചില ചർച്ചകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതിപ്പോൾ ‘നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുതിയ ബോധോദയം ഉണ്ടാവുകയാണോ’ എന്ന ചിന്ത ജനിപ്പിക്കുന്നു. അങ്ങിനെയൊക്കെ മാറി ചിന്തിക്കുക എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാര്യമാണ് എന്നത് അറിയായ്കയല്ല . എന്നാൽ ഇന്നലെ തൃശൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പന്ന്യൻ രവീന്ദ്രനും നടത്തിയ ചില പരാമർശങ്ങൾ പത്രങ്ങളിൽ കണ്ടതാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മാറുകയല്ലെങ്കിലും ഇന്നത്തെ അവസ്ഥയിൽ അവരെല്ലാം, രണ്ടു് കമ്മ്യൂണിസ്റ്റ് പാർട്ടികളും, അതീവ ദുഃഖിതരാണ് ,നിരാശരാണ് എന്നതിൽ സംശയമില്ല, അതാണ് അവരുടെ നാവുകളിൽ നിന്ന് അറിയാതെ പുറത്തേക്ക് വരുന്നത്. എന്നാൽ തീർച്ചയായും ആ ചിന്തകളെ, പ്രത്യേകിച്ചും പന്ന്യന്റെ വാക്കുകളെ ഇന്ത്യൻ ദേശീയതയുടെ വക്താക്കളടക്കം സ്വാഗതം ചെയ്യേണ്ടതും പിന്തുണക്കേണ്ടതുമാണ് എന്നതിൽ എനിക്ക് സംശയം തോന്നുന്നില്ല.

നമ്മൾ ഒരുമിക്കാതെ എങ്ങിനെയാണ് ഇടത് ഐക്യം എന്നതാണ് കോടിയേരി ചോദിച്ചത്. അതാണ് നാം കാണേണ്ട ഒരുപ്രധാന കാര്യം. സിപിഐ , സിപിഎം തർക്കങ്ങൾക്ക് 1962 മുതൽ പഴക്കമുണ്ട്. ദേശീയരാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനോ തനിച്ച്‌ എഴുന്നേറ്റ് നിൽക്കാനോ കഴിയാതെ വിഷമിക്കുകയാണിവർ രണ്ട് കൂട്ടരും. അവർ മുന്നോട്ട് വെക്കുന്ന ഓരോ കാലുകളും പിഴക്കുന്നു. മറ്റൊരു പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എവിടേക്ക് എങ്ങിനെ നടക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിലുള്ള തർക്കങ്ങൾ നാം എത്രയോ ചർച്ചചെയ്തതാണ്. അവർക്കുതന്നെ ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ജീവന്മരണ പോരാട്ടം നടത്തേണ്ട കാലഘട്ടത്തിലാണ് ഇതൊക്കെ സിപിഎമ്മിനെ അലട്ടുന്നത്. അങ്ങിനെയൊക്കെ ചിന്തിക്കാൻ പോലുമാവാത്തവണ്ണം മെലിഞ്ഞിരിക്കുന്നു സിപിഐ. അടുത്ത തിരഞ്ഞെടുപ്പിൽ ഏതെങ്കിലും വിധത്തിൽ മുന്നേറ്റമുണ്ടാകാനായില്ലെങ്കിൽ ജീവിതം തന്നെ വഴിമുട്ടും എന്നത് സിപിഐക്ക് നന്നായറിയാം. അത്രത്തോളമായില്ലെങ്കിലും കാര്യങ്ങൾ ആ നിലയിലേക്ക് എത്താൻ ദൂരമേറിയില്ല എന്ന് ഇന്നത്ത സിപിഎമ്മിനും ബോധ്യമുണ്ട്.

ഇവിടെ നാം കാണേണ്ട കുറെ ചരിത്ര സത്യങ്ങളുണ്ട്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറക്കുന്നത് കോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും തുടർച്ചയായാണ്. അത്തരമൊരു ‘ദേശീയ രക്തം’ ആ കാലഘട്ടത്തിലെ സഖാക്കളിൽ ഓടിയിരുന്നു എന്നർത്ഥം. എന്നാൽ അവർക്ക് ഒരിക്കലും കോൺഗ്രസ് വിഭാവനം ചെയ്തിരുന്ന, അല്ലെങ്കിൽ അന്നത്തെ കോൺഗ്രസ് നേതാക്കൾ മനസിലേറ്റിയിരുന്ന, ദേശീയ ചിന്തയോ ഇന്നിപ്പോൾ പന്ന്യൻ സഖാവ് പറയുന്ന ഇന്ത്യൻ തത്വചിന്തയോ ഏറ്റുപിടിക്കാൻ കഴിഞ്ഞില്ല. അതിന് പകരം അവരെ നയിച്ചിരുന്നത് വിദേശ കരങ്ങളാണ് . മറ്റേതോ രാജ്യത്തെ മേലാളന്മാർ പറയുന്നതിനനുസരിച്ച് അവർ ഇവിടെ നീങ്ങി. അതാണല്ലോ 1942- ലെ ക്വിറ്റ് ഇന്ത്യ സമരവും 1962- ലെ ചൈന യുദ്ധവുമൊക്കെ നമുക്ക് നൽകുന്ന പാഠം. ഇരുപത് വർഷത്തിനുള്ളിൽ രണ്ടുതവണ ഇന്ത്യയുടെ ദേശീയവികാരത്തിനെതിരെ നിലകൊള്ളാൻ തയ്യാറായവരാണ് ഇക്കൂട്ടർ. അത് രണ്ടും അവരെ ജനങ്ങളിൽ നിന്ന് മാത്രമല്ല ദേശീയ മുഖ്യ ധാരയിൽ നിന്ന് തന്നെ എത്രയോ അകറ്റി. ഇന്ത്യയെ വിഭജിച്ച മുസ്ലിം ലീഗ് ഇന്ന് ഇന്ത്യൻ ഹൃദയഭൂമിയിൽ നേരിടുന്ന കടുത്ത പ്രതിസന്ധിയുണ്ടല്ലോ; അതുപോലെ. ഇനി ഒരിക്കലും വിശ്വസിക്കാൻ കഴിയാത്തവണ്ണം അവർ ആട്ടിയകറ്റപ്പെട്ടു എന്നതല്ലേ വസ്തുത?. ചുവപ്പ് കോട്ടയിൽ തങ്ങൾ പതാകയുയർത്തും എന്ന് പറഞ്ഞുനടന്ന സഖാക്കൾക്ക് ഇന്ന് സംഭവിച്ച തകർച്ച ഒന്നാലോചിച്ചു നോക്കൂ.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെയൊക്കെ വിദേശഹസ്തവും പേറി നടന്നപ്പോൾ മറ്റ് പലരും മാറിചിന്തിച്ചിരുന്നു. അതിന് ഒരു ഉദാഹരണമാണ് ജപ്പാനിലെ കമ്മ്യൂണിസ്റ്റുകൾ. ജാപ്പനീസ് സംസ്കാരത്തോട് ചേർന്ന് നില്ക്കാൻ അവർ എന്നും ശ്രമിച്ചു. അവിടത്തെ ചരിത്ര- സാംസ്‌കാരിക യാഥാർഥ്യങ്ങളെ അവർ തള്ളിപ്പറഞ്ഞില്ല. അതുകൊണ്ട് അധികാരത്തിലൊന്നുമേറിയില്ലെങ്കിലും ജാപ്പനീസ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും അവർക്കൊരു സ്ഥാനമുണ്ട്. ലോകമെമ്പാടുമെന്ന പോലെ കമ്മ്യൂണിസ്റ്റുകൾ ഏതാണ്ടൊക്കെ തുടച്ചുനീക്കപ്പെടുമ്പോഴും ജപ്പാൻ തിരഞ്ഞെടുപ്പിൽ, മണ്ഡലാടിസ്ഥാനത്തിലുള്ള വിഭാഗത്തിൽ 13. 3 ശതമാനവും പാർട്ടി അടിസ്ഥാനത്തിലുള്ള വോട്ടിങ്ങിൽ 11.37 ശതമാനവും വോട്ട് നേടാൻ അവർക്കായി. ഇന്ത്യയിൽ സിപിഎമ്മിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് വെറും 3.28 ശതമാനം വോട്ടാണ് ; സിപിഐ കരസ്ഥമാക്കിയത് ഒരു ശതമാനത്തിൽ കുറവും; 0 .79 ശതമാനം. അതിന്റെ നാലിരട്ടിയിലേറെ വോട്ടും ജനപിന്തുണയും ജപ്പാനിൽ കിട്ടുന്നുണ്ട് . ചൈനയിൽ അടുത്തിടെ വന്നിട്ടുള്ള മാറ്റവും കാണാതെ പോകരുത്. അവരിപ്പോൾ ഒരു ‘ചൈനീസ് സമ്പ്രദായം’ ഒട്ടെല്ലാ കാര്യത്തിലും ഉണ്ടാക്കിയല്ലോ. മാത്രമല്ല, കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ മറ്റൊരു മുതലാളിത്തത്തിന് വഴിമാറുന്നതും കണ്ടു. അടുത്തകാലത്ത് നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനം നൽകുന്ന സന്ദേശം വ്യക്തമല്ലേ.

പന്ന്യൻ പറയുന്നത് ശരിയാണ്; നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കെട്ടിപ്പടുത്തത് ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനത്തിലാണ് . ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും മഹർഷി അരവിന്ദനും ബാലഗംഗാധര തിലകനുമൊക്കെ സ്വീകരിച്ച നിലപാടുകളും ദർശനങ്ങളും അതാണ് കാണിക്കുന്നത്. ഗാന്ധിജി രാമരാജ്യം സ്വപ്നം കണ്ടത് ഇന്ത്യൻ മനസ്സിൽ ശ്രീരാമനുള്ള പ്രാധാന്യം കണക്കിലെടുത്തുതന്നെയാണ്. തിലകന്റെ ‘ഗീതാരഹസ്യം’ നൽകുന്ന സന്ദേശമെന്താണ്?. അദ്ദേഹം തന്നെയാണ് മഹാരാഷ്ട്രയിൽ ‘ഗണേശോത്സവം’ വീണ്ടും സജീവമാക്കിയത് ; അതിലേക്ക് ജാതി-മത ചിന്തക്കതീതമായി ജനങ്ങളെ ആകർഷിച്ചത്. ഗാന്ധിജിയെക്കുറിച്ച് പറയാറുള്ളത് അദ്ദേഹം എന്നും ഒരു സനാതന ഹിന്ദു ആയിരുന്നു എന്നാണ്. അഹിംസ എന്ന മുദ്രാവാക്യം അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചു; അത് ഹിന്ദു തത്വചിന്തയുടെ ഭാഗമായിരുന്നില്ലേ. അങിനെ രാജ്യത്തിൻറെ ഓരോ മേഖലയിലും ഓരോ സമ്പ്രദായങ്ങൾ ഉണ്ടായിരുന്നത്, അത് മതത്തിന്റെയോ സംസ്കാരത്തിന്റെയോ ഭാഗമായിരുന്നത്, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു. അതിനെ ആ നിലയിൽ പ്രയോജനപ്പെടുത്താൻ ഗാന്ധിജിക്കും അന്നത്തെ ദേശീയ നേതൃത്വത്തിനുമായി.

വേറൊന്ന് കൂടിയുണ്ട്. ഇന്ത്യൻ തത്വചിന്ത എന്നും ലോകോത്തരമായിരുന്നു എന്നതാണത്. ആലോചിച്ചു നോക്കൂ…… നാലാം നൂറ്റാണ്ടിന്റെ സൃഷ്ടിയായ കൗടില്യന്റെ ‘അർത്ഥശാസ്ത്രം’. നാനൂറോളം ശ്ലോകങ്ങൾ; അയ്യായിരത്തോളം സൂത്രങ്ങൾ……. വിദേശരാജ്യങ്ങളിൽ പോലും എംബിഎ വിദ്യാർഥികൾക്ക് ദിശപകരാൻ ഇന്നും അർത്ഥശാസ്ത്രമുണ്ട്. മറ്റൊന്നാണ് ഭഗവദ് ഗീത. നേരത്തെ ഞാൻ സൂചിപ്പിച്ചു, തിലകന്റെ ‘ഗീതാ രഹസ്യ’ ത്തെക്കുറിച്ച് . നേതൃ പാടവം വളർത്തുന്നതിൽ ഒരാളെ പ്രചോദിപ്പിക്കുന്നതിൽ ഭഗവദ് ഗീതക്ക് വലിയ സംഭാവനകൾ നല്കാൻ കഴിയുന്നു എന്നാണ് ലോകോത്തര മാനേജ്‌മന്റ് വിദഗ്ദ്ധനായ പീറ്റർ എഫ് ദ്രുക്കർ പറയുന്നത്. ആധുനിക മാനേജ്‌മന്റ് സിദ്ധാന്തത്തിന് ഗീത നൽകുന്നത് അമൂല്യമായ സംഭാവനകളാണ് എന്നും അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. നാം ശ്രദ്ധിക്കേണ്ടുന്ന മറ്റൊന്ന് ‘മഹാഭാരത’മാണ്. ” മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല; അവിടെയില്ലാത്തത് നമുക്ക് മറ്റൊരിടത്തും കണ്ടെത്താനും കഴിയില്ല…….”. ഇതാണ് ‘മഹാഭാരത’ത്തെക്കുറിച്ചുള്ള മാനേജ്‌മന്റ് വിദഗ്ധരുടെ വിലയിരുത്തൽ. വേദങ്ങളും ഉപനിഷത്തുകളും വേറെയാണ്. ഇത്രമാത്രം അമൂല്യമായ സമ്പത്തുള്ള ഒരു രാജ്യത്തിൻറെ മഹത്വം തിരിച്ചറിയാനാവാതെ പോയതിലുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ദുഃഖം യഥാതഥമാണ് എങ്കിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ശ്രീരാമനെയും ശ്രീകൃഷ്ണനെയും വേദശാസ്ത്രങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ അനുകരിച്ചുകൊണ്ടാണ്, മനസിലേറ്റിക്കൊണ്ടാണ് ഒരുകാലത്ത് ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം മുന്നോട്ട് പോയതും വേരോട്ടമുണ്ടാക്കിയതും. അതിന്റെ തുടക്കമെന്ന നിലക്ക് ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ വികാരവിചാരങ്ങൾ കണക്കിലെടുക്കാനെങ്കിലും ശ്രമിക്കുമോ?. അതിലേക്കൊക്കെ മനസ് തിരിക്കാൻ ഇനി ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കാവുമോ…… കഴിയുമെന്ന് സഖാവ് പന്ന്യൻ കരുതുന്നുവെങ്കിൽ നല്ലത് തന്നെ. തീർച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button