കായംകുളം: വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ പാളത്തിൽ കേബിളുകള്‍ നിരത്തി ഒരാഴ്‌ച മുമ്പ് നടന്ന അട്ടിമറി ശ്രമം നടന്നിരുന്നു. അതിനിടയിലാണ് വീണ്ടും കായംകുളം റെയില്‍വേ സ്‌റ്റേഷന് തെക്കുഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കെ.പി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സിഗ്നലിനോട് ചേര്‍ന്നുള്ള ട്രാക്കിൽ 80 കിലോയോളം തൂക്കമുള്ള പഴയപാളത്തിന്റെ ഭാഗം കണ്ടെത്തിയത്.
റെയില്‍വേ കീമാന്‍ പാളം പരിശോധന നടത്തുമ്പോഴാണ് ട്രാക്കിന് കുറുകെ അപകടകരമായ നിലയില്‍ പാളത്തിന്റെ അംശം കണ്ടെത്തിയത്. ഉടന്‍തന്നെ സ്‌റ്റേഷനില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഉടന്‍ തന്നെ ആര്‍.പി.എഫ് സി.ഐ: അനില്‍കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീനിവാസന്‍ എന്നിവര്‍ സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തി ട്രെയിന്‍ ഗതാഗതത്തിന് തടസമില്ലെന്നറിയിച്ചതിന് ശേഷമാണ് ട്രെയിനുകള്‍ അതേ ട്രാക്കിലൂടെ കടത്തിവിട്ടത്.
പിന്നീട് അസി.കമ്മിഷണര്‍ ടി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി. സംഭവസ്‌ഥലത്തുനിന്ന് മണംപിടിച്ച നായ 500 മീറ്റര്‍ അകലെയുള്ള കള്ളുഷാപ്പിന് സമീപമെത്തി നില്‍ക്കുകയായിരുന്നു. ലോക്കല്‍ പോലീസും ആര്‍.പി.എഫിന്റെ ഇന്റലിജന്‍സ് വിഭാഗവും നായ നിന്ന സ്‌ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇത് മോഷണ ശ്രമത്തിന്റെ ഭാഗമാണെന്നാണ് താൽക്കാലികമായ കണ്ടെത്തൽ.
Post Your Comments