മലപ്പുറം : മലയാള ചലച്ചിത്ര മേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്ത ഫേസ്ബുക്ക് പേജിന്റെ ഉടമകളെ കുടുക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് ജില്ലകളിലെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പോലീസിന് കൈമാറി.
പീഡോഫൈലുകള്‍ അഥവാ ബാലപീഡകരെ ലക്ഷ്യം വച്ചാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്ക് പ്രത്യേക പേജുകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിലും ഇത്തരം കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാള ടിവി-ചലച്ചിത്ര രംഗത്തെ ബാലതാരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഇടുകയും, വോട്ടിങ് നടത്തുകയും ചെയ്ത ഫേസ്ബുക്ക് പേജ് ഉടമകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം നിരവധിപ്പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് മുന്‍പ് നിര്‍ജീവമായ ‘പീഡോഫീലിയ’ ഫേസ്ബുക്ക് പേജുകളും വെബ്സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണ് പുതിയ സംഭവം. പ്രമുഖനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്.
മൂന്നു ജില്ലകളിലായി മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
Post Your Comments