തിരുവനന്തപുരം: കേരളത്തിന്റെ കടത്തിനു കാരണം സർക്കാരിന്റെ ധൂർത്ത് ആണെന്ന ആരോപണം നിലനിൽക്കെ കേരളത്തിന്റെ ധൂർത്ത് തടയാൻ കേന്ദ്രം ഇടപെടുന്നു. സംസ്ഥാനങ്ങളുടെ ധന വിനിയോഗ ശൈലി പരിശോധിയ്ക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ധന ഉത്തരവാദിത്വ നിയമ പരിശോധന സമിതി അതി ഗുരുതരമായ വീഴ്ചകൾ സംസ്ഥാനം നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ധന വിഹിതത്തിന്റെ വിനിയോഗം സംസ്ഥാനത്ത് നടന്ന് വരുന്നത് ഉചിത ലക്ഷ്യങ്ങൾക്ക് മാത്രമല്ല എന്നാണ് സമിതിയുടെ കണ്ടെത്തൽ. ധൂർത്താണ് കേരള സർക്കാരിനെ കടക്കെണിയിലാക്കുന്ന പ്രധാന കാരണം.
പതിനൊന്നാം ധനകമ്മിഷന്റെ കാലം മുതൽ നൽകി വരുന്ന നിർദേശങ്ങൾ ഭൂരിപക്ഷവും കേരളം പാലിക്കാറില്ല . സംസ്ഥാനം കരകയറാനാവാത്തവിധം കടക്കെണിയിലേക്ക് പോകാൻ ഇത് പ്രധാന കാരണമായി. കേരളം മിതവ്യയം ശീലിയ്ക്കണമെന്ന് ധന ഉത്തരവാദിത്വ നിയമം പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള സംസ്ഥാനത്തിന്റെ കടം 20 ശതമാനമാക്കി കുറയ്ക്കുന്നതടക്കമുള്ള അടിയന്തര സാമ്പത്തിക അച്ചടക്ക നടപടികൾ സ്വീകരിയ്ക്കണമെന്നാണ് കമ്മറ്റിയുടെ സംസ്ഥാന സർക്കാരിനുള്ള നിർദേശം.
നികുതി വിഹിതം നൽകിയതിന് ശേഷവും പതിവായി കമ്മിയാണ് സംസ്ഥാനത്തെ ധന സ്ഥിതി. തുടർച്ചയായി കേന്ദ്രസർക്കാർ ഗ്രാൻഡ് നൽകുന്നത് കൊണ്ടാണ് ഇത് നികത്താൻ സംസ്ഥാനത്തിന് സാധിയ്ക്കുന്നത്. ഫലപ്രദമായ നടപടികൾ സംസ്ഥാനം അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ ധനകമ്മിഷൻ ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിയ്ക്കും. ഭരണഘടനയുടെ നിബന്ധനകൾക്കും , ഭരണഘടന സ്ഥാപനങ്ങളുടെ നിർദേശങ്ങൾക്കും വിരുദ്ധമായി സംസ്ഥാനം ധന വിന്യാസം നടത്തുന്നു എന്നതാണ് കേന്ദ്ര സർക്കാർ ഇടപെടാൻ കാരണം.എൻ.കെ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ധന കാര്യ കമ്മിഷൻ സംസ്ഥാനം ഉടൻ സന്ദർശിയ്ക്കുമെന്നാണ് സൂചന. ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments