റിയാദ്: ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ സൗദിയിൽ കുടുങ്ങിയ ആറ് സ്ത്രീകളും നാട്ടിലേക്ക്. സൗദി അറേബ്യയിലെ ഹായിലിലാണ് ഇവർ കഴിഞ്ഞിരുന്നത്. സംഘം നിതാഖാത്തുമായി ബന്ധപ്പെട്ട ചെറിയ കേസുകളും ശമ്പള കുടിശികയും പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തും. ഇവർക്ക് അടുത്ത ദിവസം തന്നെ എക്സിറ്റ് നല്‍കുമെന്ന് ഇവരുടെ മോചനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ഹായില്‍ ഒ.ഐ.സി.സി അധികൃതര്‍ വ്യക്തമാക്കി.
സൗദിയിൽ അകപെട്ടുപോയത് ആലപ്പുഴ സ്വദേശി ഗീതമ്മ, നിലമ്പൂര്‍ സ്വദേശി ഹൈറുന്നിസ, കോതമംഗലം സ്വദേശി ശ്രീദേവി, പത്തനംതിട്ട സ്വദേശി മിനി, തിരുവനന്തപുരം സ്വദേശി ഗീത, അഞ്ജലി എന്നിവരാണ്. ഇവരെ നാല് കൊല്ലം മുമ്പ് ആശുപത്രി ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ് ഏജന്റ് സൗദിയിലെത്തിച്ചത്. 800 റിയാലായിരുന്നു ശമ്പളം. വലിയ പ്രശ്നങ്ങളില്ലാതെ ആദ്യ രണ്ടു വര്‍ഷം മുന്നോട്ടു പോയി. എന്നാല്‍ അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ഇവരുടെ ഏജന്‍സിയ്ക്ക് ആശുപത്രിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. അതോടെ ഇവര്‍ ദുരിതത്തില്‍ അകപ്പെടുകയുമായിരുന്നു.
ഈ കമ്പനിയില്‍ തുടക്കത്തില്‍ 53 തൊഴിലാളികള്‍ ഉണ്ടായിരുന്നെന്നും ഓരോരുത്തരും അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നില്ലെന്നും, ഞങ്ങള്‍ തിരിച്ചു വന്നത് കമ്പനിയുടെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണെന്നും ഇവര്‍ പറയുന്നു. തിരിച്ചെത്തിയാല്‍ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്നും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുമെന്നും കമ്പനി വാഗ്ദ്ധാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ചാണ് മടങ്ങിയെത്തിയത്.
ശമ്പളവും ജോലിയുമില്ലാതെ കഴിഞ്ഞ ഒരു വര്‍ഷമായി മുറിയില്‍ തന്നെ കഴിയുകയാണ്. മാത്രമല്ല കമ്പനിയില്‍ നിന്നും ഭക്ഷണത്തിന് ഒരു റിയാല്‍ പോലും ലഭിക്കുന്നില്ലെന്നും നാട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാമ കാലാവധി കഴിഞ്ഞിട്ട് ഇപ്പോള്‍ എഴ് മാസം പിന്നിട്ടു. അതു കൊണ്ട് തന്നെ ഇവര്‍ക്ക് പുറത്തിറങ്ങാനും കഴിഞ്ഞിരുന്നില്ല.
Post Your Comments