കൂത്താട്ടുകുളം : കിണറ്റിൽ വീണ പോത്തിൻകുട്ടിയെ രക്ഷിക്കാൻ സർവ സന്നാഹങ്ങളുമായി എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ കണ്ടത് പൂച്ചക്കുട്ടിയെ. ഇന്നലെ രാവിലെ മുത്തോലപുരം ജോസ്ഗിരി പള്ളിക്കു സമീപമായിരുന്നു സംഭവം. വീട്ടുടമയുടെ ഫോൺ സന്ദേശം ലഭിച്ചയുടനെ കിണറ്റിൽ വീണതു പോത്തിൻകുട്ടിയാണെന്ന ധാരണയിൽ കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തിൽ നിന്നു സേന പുറപ്പെട്ടു. പോത്തിൻകുട്ടിയെ പുറത്തെടുക്കാനുള്ള സാമഗ്രികളുമായി എത്തിയ സംഘം കണ്ടതു കിണറ്റിനുള്ളിലെ തിട്ടയിൽ കുത്തിയിരിക്കുന്ന പൂച്ചക്കുട്ടിയെ.
പൂച്ചക്കുഞ്ഞിനെ കിണറ്റിൽ നിന്ന് അഗ്നിരക്ഷാസേന പുറത്തെടുക്കുന്നതു കാണാൻ നാട്ടുകാരും കൂടി. ഇത്തരം ജീവികളെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയെ ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണം ഉള്ളതിനാൽ തെറ്റിദ്ധരിക്കപ്പെട്ട് എത്തിയ സേനയും വിഷമവൃത്തത്തിലായി. തങ്ങളെ ഫോൺ ചെയ്തു കബളിപ്പിക്കുയായിരുന്നെന്ന നിലപാടിലായിരുന്നു അഗ്നിരക്ഷാസേന. എന്നാൽ, താൻ ഫോണിലൂടെ പറഞ്ഞതു പൂച്ചക്കുട്ടി എന്നു തന്നെയാണെന്ന നിലപാടിൽ വീട്ടുടമ ഉറച്ചു നിന്നു. വീട്ടുടമ തങ്ങളെ ഫോൺ ചെയ്തു കബളിപ്പിക്കുകയായിരുന്നെന്നു ഫയർഫോഴ്സ്.
പൂച്ചക്കുട്ടിയെന്നു ഫോണിലൂടെ പറഞ്ഞതു പോത്തിൻകുട്ടിയെന്നു തെറ്റായി കേട്ടതായിരിക്കുമെന്നു വീട്ടുടമ. കുട്ടയോ വലയോ ഇട്ട് എളുപ്പത്തിൽ പുറത്തെടുക്കാവുന്ന പൂച്ചക്കുഞ്ഞിനെ എടുക്കാൻ അഗ്നിരക്ഷാസേനയെ വിളിച്ചത് എന്തിനെന്ന ചോദ്യവും ഉയർന്നു. ഇക്കാര്യത്തിൽ നിലവിലുള്ള നിയമം വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി പൂച്ചക്കുഞ്ഞിനെ പുറത്തെടുക്കാനുള്ള എളുപ്പ മാർഗങ്ങളും ഉപദേശിച്ചാണ് അഗ്നിരക്ഷാസേന മടങ്ങിയത്. മനുഷ്യർക്കു പുറമെ കിണറ്റിൽ അകപ്പെടുന്ന ആടുമാടുകളെയോ അതിന്റെ കുഞ്ഞുങ്ങളെയോ പുറത്തെടുക്കാൻ മാത്രമേ ഫയർഫോഴ്സിന് അനുവാദമുള്ളൂ. നായ, പൂച്ച തുടങ്ങിയ ജീവികളെ കിണറ്റിൽ നിന്നു കയറ്റാനോ കടന്നൽകൂട്ടത്തെ നശിപ്പിക്കാനോ സേനയുടെ സേവനം ദുരുപയോഗിക്കരുതെന്നു കർശന നിർദേശമുണ്ട്.
Post Your Comments