പത്തനംതിട്ട: ദുരൂഹമരണം കൊലപാതകമായി. യുവതിയുടെ വെളിപ്പെടുത്തലിലൂടെയാണ് ദുരൂഹമരണം മറനീക്കി കൊലപാതകമായത്. സിന്‍ജോ മോനെ കൊന്നത് തന്റെ ഭര്‍ത്താവ് ജോബിയാണന്ന വെളിപ്പെടുത്തലുമായി ശ്രീനി എന്ന യുവതി. കഴിഞ്ഞ തിരുവോണത്തിനാണ് സിന്‍ജോയെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനി പറയുന്നത് ഇങ്ങനെയാണ്. സംഭവ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ രക്തം പുരണ്ട വസ്ത്രവുമായി തന്റെ ഭര്‍ത്താവ് വീട്ടിലെത്തി.
എന്തുപറ്റി എന്ന എന്റെ ചോദ്യത്തിന് തല്ലായിരുന്നു മറുപടി. കഞ്ചാവിനും, മദ്യത്തിനും അടിമയായ അയാളുടെ കൈവശം ഒരു കവര്‍ പൊതിഞ്ഞ് പിടിച്ചിരുന്നു. താനത് പരിശോധിക്കുവാന്‍ ശ്രമിച്ചിട്ട് അനുവദിച്ചില്ല. ജോബി കുളിക്കുവാന്‍ പോയ സമയത്ത് കവര്‍ പരിശോധിച്ചു. മഞ്ഞ കവറിനുള്ളില്‍ ചുവന്ന റബ്ബര്‍ ബാന്‍ഡ് ഇട്ട് പത്രത്തില്‍ പൊതിഞ്ഞ് 500 രൂപയുടെ ഒരു കെട്ടായിരുന്നു.
തൊട്ടടുത്ത് തന്നെ ഒരു വീട്ടില്‍ ഈ പൊതി സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു.അടുത്ത ദിവസം പരിചയമില്ലാത്ത രണ്ട് യുവാക്കള്‍ വീട്ടില്‍ എത്തി ജോബി ഇവരെ കൂട്ടി വീടിനടുത്തുള്ള പാറപ്പുറത്തേക്ക് പോയി, ഞങ്ങളും കഷ്ടപെട്ടതാ ഞങ്ങള്‍ക്കും വീതം വേണം എന്ന് വന്ന യുവാക്കള്‍ തന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നത് കേട്ടാണ് ഞാന്‍ കടും കാപ്പിയുമായി ചെന്നത്.
എന്നെ കണ്ടതോടെ സംസാരം നിര്‍ത്തി. സംശയം തോന്നിയ ഞാന്‍ വീടിനുള്ളില്‍ ചെന്ന് ജനാലയിലൂടെ പതുങ്ങി നിന്ന് ഇവര്‍ പറയുന്നത് കേട്ടു. ഒന്നും തെളിയാന്‍ പോകുന്നില്ലാ എന്നും സിന്‍ജോയല്ല ഏത് വലിയവനും ഒന്നുമല്ല എന്നുമൊക്കെ അവര്‍ പറഞ്ഞു. പതുങ്ങി നിന്ന ഞാന്‍ അറിയാതെ കാലിനടുത്തു വന്ന പൂച്ചയെ ചവിട്ടി എന്നെ കണ്ട ജോബി വീട്ടില്‍ വന്ന് ഞങ്ങള്‍ പറഞ്ഞത് നീ കേട്ടോ എന്നും കേട്ടാല്‍ മറ്റൊരാള്‍ അറിയണ്ടാ അറിഞ്ഞാല്‍ നിന്നെ ശരിയാക്കുമെന്നും ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം പരസ്യമായി താനാണ് സിന്‍ ജോമോനെ കൊന്നത് എന്ന് വാക്കത്തിയുമായി നിന്ന് വിളിച്ച് പറഞ്ഞതായും ശ്രീനി പറഞ്ഞു. നിരവധി സമരങ്ങളും പരാതികളുമായി കോളിളക്കം സൃഷ്ടിച്ച സിന്‍ ജോയുടെ മരണ ദുരൂഹത പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതി ഉത്തരവിലൂടെ നേടിയ റീ പോസ്റ്റുമാര്‍ട്ടത്തിലൂടെ മാറി എന്ന് കരുതിയ സമയത്താണ് യുവതിയുടെ വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓണദിവസമാണ് അത്തിക്കയം മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോനെ കാണാതായത്. തുടര്‍ന്ന് വീടിന് സമീപത്തെ ജലനിരപ്പ് കുറഞ്ഞ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബര്‍ മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്‍കാന്‍ പോയ സിന്‍ജോ മോന്‍ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന്‍ സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.
ഇരിക്കുന്ന നിലയിലായിരുന്നു കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു.
Post Your Comments