തിരുവനന്തപുരം: സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെയും എ.ടി.എം തട്ടിപ്പുകളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പുകളിലൂടെ കോടികളാണ് നഷ്ടപ്പെട്ടിട്ടുള്ളതും. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് കൂടുതല്‍പേര്‍ കബളിപ്പിക്കലിന് വിധേയമാകുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനവും ആളുകളുടെ അജ്ഞതയും മുതലാക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം തട്ടിപ്പ് കേസുകളില്‍ പ്രതികളെ പിടികൂടാനോ പണം തിരികെ ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. തട്ടിപ്പുകളിലേറെയും നടന്നിട്ടുള്ളത് വിദേശത്തുനിന്നാണ്. പലരും ഇത്തരം തട്ടിപ്പിന് വിധേയമാകുന്നുണ്ടെങ്കിലും പരാതിപ്പെടാറില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 2013 മുതല്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ കാര്യമായ വര്‍ധനയാണുണ്ടാകുന്നത്. 2016ല്‍ 278 സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞവര്‍ഷം 300ഉം ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം വരെയുള്ള കണക്ക് പ്രകാരം 60ഉം ആണ്. 2016ല്‍ 79ഉം കഴിഞ്ഞവര്‍ഷം 81ഉംഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം വരെ 31ഉം എ.ടി.എം തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള തട്ടിപ്പുകളാണ് ഇതിലേറെയും. എ.ടി.എം, ഒ.ടി.പി തട്ടിപ്പുകള്‍ തടയുന്നതിന് യൂസര്‍നെയിം, പാസ്വേര്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുതെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടാത്തതാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എ.ടി.എം കൗണ്ടറുകള്തന്നെ നശിപ്പിച്ചുള്ള പണം കൊള്ളയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Post Your Comments