ആലപ്പുഴ: ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ സ്വദേശി ജോണ്‍രാജിന്റെ മകന്‍ റ്റിഷാല്‍(14)നാണ് പരിക്കേറ്റത്. താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം റ്റിഷാലിനെ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗുരുവായൂര്‍ എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. എഴുനേല്‍ക്കാനാകാതെ ട്രാക്കിന് സമീപം ഇരുട്ടില്‍ കിടന്ന് റ്റിഷാല്‍ രക്ഷിക്കണമെന്ന് അലറിവിളിച്ചിട്ടും സഹായത്തിന് ആരും എത്താത്തതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ നടന്ന് എത്തുകയായിരുന്നു.
ഭയന്ന് വിറച്ച് പരുക്കുകളോടെ എത്തിയ റ്റിഷാലിനെ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലാലന്‍പിളളയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ ബിസിനസ് ചെയ്യുന്ന പിതാവ് ജോണ്‍രാജിനോടൊപ്പം നിന്നാണ് റ്റിഷാല്‍ പഠിക്കുന്നത്. ഒമ്പതാംക്ലാസ് പരീക്ഷക്ക് ശേഷം നാട്ടിലേക്ക് പോകാനായി ട്രെയിന്‍ കയറ്റിവിട്ടതായിരുന്നു.
കായംകുളം സ്റ്റേഷന്‍ അടുക്കാറായപ്പോള്‍ മുഖം കഴുകാന്‍ വേണ്ടി വാതിലിനടുത്തേക്ക് വരുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് റ്റിഷാല്‍ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ബാഗും ലഗേജും തിരുവനന്തപുരത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ആര്‍പിഎഫ് അറിയിച്ചു. ആലപ്പുഴ വഴിയെത്തുന്ന ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വേഗത കുറച്ച് വന്നതിനാലാണ് കൂടുതല്‍ പരുക്കുകള്‍ ഏല്‍ക്കാതെ വിദ്യാര്‍ഥി രക്ഷപ്പെട്ടത്.
Post Your Comments